മാവൂരിൽ ഇരുചക്രവാഹന ഷോറൂമിൽ വന്‍ തീപിടിത്തം; ഏഴു വാഹനങ്ങൾ കത്തിനശിച്ചു
text_fieldsമാവൂർ: മാവൂര്‍ പൊലീസ് സ്റ്റേഷന് എതിർവശത്തെ ഇരുചക്രവാഹന ഷോറൂമിൽ വൻ തീപിടിത്തം. ഷോറൂമിനകത്തുണ്ടായിരുന്ന ഏഴ് ഇരുചക്രവാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. പുറത്ത് നിർത്തിയിട്ട അഞ്ച് വാഹനങ്ങൾക്ക് കേടുപാടുപറ്റി. മാവൂർ-കോഴിക്കോട് റോഡിലെ കെ.എം.എച്ച് മോട്ടോഴ്സ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്.
ശനിയാഴ്ച പുലർച്ച മൂന്നോടെ ഇതുവഴി പോയവരാണ് തീപിടിത്തം ആദ്യം കാണുന്നത്. ഷോറൂമിന്റെ ഒരു ഷട്ടറൊഴികെ മറ്റുള്ളവ തുറന്നിട്ടതായിരുന്നു. ഗ്ലാസുകൊണ്ട് മറച്ച ഷോറൂമിനകത്ത് തീകത്തുന്നതാണ് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഇവർ അടുത്തുള്ള ക്ലിനിക്കിലും തുടർന്ന് പൊലീസിലും അറിയിച്ചു. അപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.
ഓടിക്കൂടിയ നാട്ടുകാരും സമീപത്ത് താമസിക്കുന്ന ജീവനക്കാരനും മാവൂർ പൊലീസും മുക്കത്തുനിന്ന് എത്തിയ രണ്ട് അഗ്നിരക്ഷാസേന യൂനിറ്റുകളും ചേർന്നാണ് പുലർച്ച അഞ്ചരയോടെ തീ പൂർണമായി അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
എട്ടു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സർവിസിനെത്തിച്ച രണ്ട് സ്കൂട്ടറുകളും നാലു ബൈക്കുമടക്കം ആറു വാഹനങ്ങളും വിൽപനക്കുവെച്ച ഒരു ബൈക്കുമാണ് കത്തിനശിച്ചത്. ഷോറൂമിനകത്തെ ഒന്നര ലക്ഷം രൂപയുടെ സ്പെയർ പാർട്സും കമ്പ്യൂട്ടറുകളും ഫർണിച്ചറും കത്തിനശിച്ചു. പുറത്തെ ഗ്ലാസുകളും തകർന്നു. ഷോറൂമിനു പുറത്ത് നിർത്തിയിട്ട അഞ്ചു ബൈക്കുകൾക്കും കേടുപാടുപറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

