ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കൂട്ട സ്ഥലംമാറ്റം; കോഴിക്കോട്ടെ ആനവണ്ടികൾ താളംതെറ്റും
text_fieldsകോഴിക്കോട്: കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയിൽനിന്ന് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കൂട്ട സ്ഥലംമാറ്റം നൽകാനുള്ള മാനേജ്മെന്റ് നീക്കം സർവിസ് മുടക്കത്തിന് ഇടയാക്കുമെന്ന് ആക്ഷേപം. ഡിപ്പോയിൽനിന്ന് 27 ഡ്രൈവർമാർ, 21 കണ്ടക്ടർമാർ, മൂന്ന് ഡ്രൈവർ കം കണ്ടക്ടർ എന്നിവരെയാണ് വർക്ക് അറേഞ്ച്മെന്റായി മൂന്ന് മാസത്തേക്ക് സംസ്ഥാനതലത്തിലെ വിവിധ ഡിപ്പോകളിലേക്ക് മാറ്റുന്നത്.
നിലവിൽ സാങ്കേതികമായി ഡിപ്പോയിൽ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവില്ലെന്നാണ് മാനേജ്മെന്റ് വിലയിരുത്തലെങ്കിലും ജീവനക്കാർ അവധിയെടുക്കാതെയും അധികസമയം ജോലിയെടുത്തുമാണ് സർവിസ് മുടക്കമില്ലാതെ മൂന്നോട്ടുനീങ്ങുന്നത്. ഡിപ്പോയിൽ 210 ഡ്രൈവർമാരും 177 കണ്ടക്ടർമാരുമാണ് നിലവിലുള്ളത്. 150 കണ്ടക്ടർമാരും ഡ്രൈവർ കം കണ്ടക്ടർമാർ അടക്കം 180 ഡ്രൈവർമാരും ഉണ്ടെങ്കിലേ ഡിപ്പോയിൽനിന്ന് സർവിസുകൾ മുടക്കമില്ലാതെ നടത്താൻ കഴിയൂ.
കണ്ടക്ടർമാരിൽ മൂന്നുപേർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ ലോങ് ലീവാണ്. മറ്റ് മെഡിക്കൽ ലീവുകൾ വേറെയും ഉണ്ട്. സ്ഥിരം ഡ്രൈവർമാരിൽ ഒരാൾ സസ്പെൻഷനിലും രണ്ടുപേർ ലോങ് മെഡിക്കൽ ലീവിലുമാണ്. ഡ്രൈവർമാരിൽ പതിനഞ്ചുപേർ ഷണ്ടിങ് ഡ്യൂട്ടിയിലും പത്തോളം പേർ ശാരീരിക അവശതകൾ മൂലം ലൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരുമാണ്. ഒരു ദിവസം ജീവനക്കാരിൽ 10 ശതമാനം പേർക്ക് ആവശ്യപ്പെട്ടാൽ ലീവ് അനുവദിക്കണമെന്നാണ് ചട്ടം. എന്നാൽ, സർവിസിനെ ബാധിക്കുമെന്നതിനാൽ ഡിപ്പോയിൽനിന്ന് നാലോ അഞ്ചോ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും മാത്രമാണ് ലീവ് അനുവദിക്കുന്നത്.
ഡിപ്പോയിൽനിന്ന് മാസം ആറ് പമ്പ സർവിസും സീസണിൽ ആഴ്ചയിൽ രണ്ട് കൊട്ടിയം സർവിസുകളും അധികമായി നടത്തണം. കൂടാതെ മാസം മുപ്പതോളം ട്രിപ്പുകൾ ബജറ്റ് ടൂറിസത്തിനും അയക്കണം. ഇതുകൂടി അനുവദിക്കുന്നതോടെ ഡിപ്പോയുടെ ഷെഡ്യൂൾ പ്രകാരമുള്ള സർവിസുകൾ മുടങ്ങുന്ന അവസ്ഥ വരും. ബംഗളൂരു, തിരുവനന്തപുരം, എറണാകുളം അടക്കം മികച്ച വരുമാനം നേടുന്ന സർവിസുകളാണ് കോഴിക്കോട് ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യുന്നത്.
ഇതിൽ ഏതെങ്കിലും മുടങ്ങിയാൽ കെ.എസ്.ആർ.ടി.സിക്ക് വൻ നഷ്ടത്തിന് ഇടയാക്കും. മാത്രമല്ല, നിലവിൽ എല്ലാ സർവിസുകളും മുടങ്ങാതെ നടന്നിട്ടും രാത്രി കാലങ്ങളിലടക്കം യാത്രക്കാരുടെ വൻ തിരക്കാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ അനുഭവപ്പെടുന്നത്. ഇത് സർവിസുകൾ മുടങ്ങാനും ജീവനക്കാർക്ക് അത്യാവശ്യത്തിന് പോലും ലീവ് അനുവദിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാക്കുമെന്ന് സൂപ്പർവൈസറി ഉദ്യോഗസ്ഥർ പറയുന്നു.
അത്യാവശ്യത്തിന് അവധി എടുക്കുമ്പോൾപോലും സർവിസ് കാൻസലേഷൻ വന്നു എന്ന കാരണം പറഞ്ഞ് ജീവനക്കാർക്കെതിരെ ആബ്സെന്റ് രേഖപ്പെടുത്തുന്നത് അടക്കമുള്ള ശക്തമായ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. മറ്റ് ഡിപ്പോകളിൽ പോയി ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സ്ഥിരം ജീവനക്കാർ തയാറായില്ലെങ്കിൽ താൽക്കാലിക ജീവനക്കാരെ പറഞ്ഞയക്കുകയാണ് മറ്റൊരു മാർഗം.
എന്നാൽ, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാർ ഇതിന് തയാറാവാനും സാധ്യത കുറവാണ്. കെ.എസ്.ആർ.ടി.സിയിൽ അടിയന്തരമായി പുതിയ നിയമനങ്ങൾ നടത്താനും പൊതുജനങ്ങൾക്ക് യാത്രാക്ലേശം വരാതിരിക്കാനും അടിയന്തരമായി മാനേജ്മെന്റും സർക്കാറും നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖലി മടവൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

