കൂട്ട സ്ഥലംമാറ്റം; പൊലീസിൽ അമർഷം പുകയുന്നു
text_fieldsവടകര: പൊലീസ് സ്റ്റേഷൻ വളപ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തെ തുടർന്ന് വടകര സി.ഐ അടക്കമുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയ നടപടിയിൽ പൊലീസിൽ അമർഷം പുകയുന്നു. അസോസിയേഷനിലും മുറുമുറുപ്പ് രൂക്ഷമായിട്ടുണ്ട്. അവധിയിലുള്ള പൊലീസുകാരെ ഉൾപ്പെടെയാണ് കൂട്ടത്തോടെ സ്ഥലംമാറ്റിയത്.
പൊലീസുകാരുടെ സ്ഥലംമാറ്റത്തിൽ ചെറുവിരലനക്കാൻ കഴിയാത്ത അസോസിയേഷന്റെ നടപടിക്കെതിരെ സേനയിൽനിന്ന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംസ്ഥാനതലത്തിൽനിന്നുണ്ടായ നടപടിയായതിനാൽ അസോസിയേഷൻ കരുതലോടെയാണ് നീങ്ങുന്നത്. എന്നാൽ, നടപടി സംബന്ധിച്ച് അംഗങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാതെ നേതൃത്വം കുഴങ്ങിയിരിക്കുകയാണ്.
റൂറൽ ജില്ലയിലെ 13 സ്റ്റേഷനുകളിലേക്കാണ് വടകരയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. കൊയിലാണ്ടി, എടച്ചേരി, പയ്യോളി, മേപ്പയൂർ, പേരാമ്പ്ര, ചോമ്പാല, കുറ്റ്യാടി, ബാലുശ്ശേരി, ക്രൈംബ്രാഞ്ച്, നാദാപുരം, തീരദേശ സ്റ്റേഷൻ, പെരുവണ്ണാമൂഴി, വളയം എന്നിവിടങ്ങളിലേക്കാണ് സ്ഥലംമാറ്റിയത്.
ഇവർക്കു പകരമായി ഇതേ സ്റ്റേഷനിൽ അതേ തസ്തികയിലുള്ളവരെയാണ് പകരം വടകരയിലേക്ക് മാറ്റിനിയമിച്ചത്. 66 പേരെ സ്ഥലംമാറ്റിയപ്പോൾ വിവിധ സ്റ്റേഷനുകളിലെ 66 പേർക്കുകൂടി സ്ഥാനചലനമുണ്ടായി. ഇക്കാര്യത്തിൽ അസോസിയേഷന് ഇടപെടാൻ കഴിയാതെപോയത് വൻ വീഴ്ചയാണെന്നാണ് പൊലീസുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

