മസ്ജിദ് കൗൺസിൽ കേരള എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsകോഴിക്കോട്: മസ്ജിദ് കൗൺസിൽ കേരള സംസ്ഥാനതലത്തിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ മസ്ജിദ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാനാണ് അവാർഡ് പ്രഖ്യാപനം നിർവഹിച്ചത്.
മലപ്പുറം കൊണ്ടോട്ടി മസ്ജിദ് അൽ ഇഹ്സാൻ ഒന്നാംസ്ഥാനം കരസ്ഥമാക്കി. മലപ്പുറം കുന്നക്കാവ് ജുമാമസ്ജിദ് രണ്ടാം സ്ഥാനത്തിനും പാലക്കാട് പുതുക്കോട് മസ്ജിദുൽ ഹുദ മൂന്നാം സ്ഥാനത്തിനും അർഹമായി. തൃശൂർ എടവിലങ്ങ് ജുമാമസ്ജിദ് പ്രത്യേക ജൂറി പരാമർശത്തിന് അർഹത നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മസ്ജിദുകൾക്ക് യഥാക്രമം ഒരു ലക്ഷം, 75000, 50000 രൂപ വീതവും പ്രശസ്തിപത്രവും ഫലകവും സമ്മാനമായി നൽകി.
മസ്ജിദ് കൗൺസിൽ കേരളയിൽ രജിസ്റ്റർചെയ്ത എഴുന്നൂറിലധികം മസ്ജിദുകളിൽനിന്നാണ് അവാർഡിന് അപേക്ഷ ലഭിച്ചിരുന്നത്. ജമാഅത്തെ ഇസ്‌ലാമി കേരള ജനറൽ സെക്രട്ടറി പി.കെ. ഫാറൂഖ്, ജനറൽ കൺവീനർ അബ്ദുൽ ഹകീം നദ്‌വി, പി.എം. സ്വാലിഹ്, കെ. മുഹമ്മദ് നജീബ്, കെ. ഇല്യാസ് മൗലവി എന്നിവരടങ്ങിയ അഞ്ചംഗ വിദഗ്ധ ജൂറിയാണ് അവാർഡ് നിർണയത്തിന് നേതൃത്വം നൽകിയത്.
ജമാഅത്തെ ഇസ്‌ലാമി കേരള സെക്രട്ടറിയും മസ്ജിദ് കൗൺസിൽ ചെയർമാനുമായ അബ്ദുൽ ഹകീം നദ്‌വി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജൂറി അംഗവും ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗവുമായ പി.എം. സ്വാലിഹ് അവാർഡ് നിർണയ പ്രക്രിയ വിശദീകരിച്ചു. പ്രമുഖ പണ്ഡിതൻ മുഫ്തി അമീൻ മാഹി, എം.എസ്.എസ് ജനറൽ സെക്രട്ടറി എൻജിനീയർ മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി സിറ്റി പ്രസിഡന്റ് ശിഹാബുദ്ദീൻ ഇബ്നു ഹംസ സമാപന പ്രഭാഷണം നടത്തി. മസ്ജിദ് കൗൺസിൽ കേരള കൺവീനറും ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറിയുമായ മലിക് ഷഹ്ബാസ് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ അമീറലി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

