നാളെ ഗ്രാസിം കമ്പനിയുടെ ഓഫിസിലേക്ക് മാർച്ച്; ഗ്രാസിം ഭൂമി തിരിച്ചുപിടിക്കാൻ ജനകീയ പ്രക്ഷോഭത്തിന് സമരസമിതി
text_fieldsകോഴിക്കോട്: ഭൂമി തിരിച്ചുപിടിക്കാൻ മാവൂരിലെ ഗ്രാസിം കമ്പനിയുടെ ഓഫിസിലേക്ക് ജനകീയ മാർച്ച് നടത്തുമെന്ന് സമരസമിതി നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗ്രാസിം മാവൂർ വിടുക, മാവൂരിന്റെ ഭൂമിയിൽ സർക്കാർ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, സർക്കാർ ഒത്തുകളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാവൂർ ഗ്രാസിം ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 21ന് ജനകീയ മാർച്ച് നടത്തുന്നത്.
1958ൽ 246.36 ഏക്കർ ഭൂമി സർക്കാർ വ്യവസായിക ആവശ്യങ്ങൾക്കായി ഏറ്റെടുത്തുകൊടുത്തതാണ്. നൂറേക്കർ ഭൂമി ബിർല വാങ്ങിയതുമാണ്. കമ്പനി പ്രവർത്തനം നിർത്തുകയോ വ്യവസായം പരാജയപ്പെടുകയോ ചെയ്താൽ സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമി സർക്കാറിനുതന്നെ തിരികെ നൽകണമെന്നാണ് ഗ്വാളിയോർ റയോൺസുമായി ഉണ്ടാക്കിയ കരാർ. എന്നാൽ, 2001 ജൂലൈ ഒന്നിന് കമ്പനി പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചിട്ടും ഭൂമി സർക്കാറിനു നൽകാൻ കമ്പനി ഇതുവരെ തയാറായിട്ടില്ല.
പകരം പുതിയ വ്യവസായങ്ങൾ കൊണ്ടുവരുമെന്നുപറഞ്ഞ് കമ്പനി കാലം കഴിക്കുകയാണ്. ഭൂമി കാടുകയറി വന്യജീവികളുടെ ആവാസകേന്ദ്രമായി മാറി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കമ്പനി നൽകിയ കേസിൽ കൗണ്ടർ കേസ് നൽകാൻ സർക്കാർ തയാറാകുന്നില്ലെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.
നിയമത്തിന്റെ സാങ്കേതികതകൾ അതി സമർഥമായി കമ്പനി ഉപയോഗപ്പെടുത്തുകയാണ്. സർക്കാർ നിസ്സംഗതയോടെയും ഉത്തരവാദിത്തമില്ലാതെയും പെരുമാറുകയാണ്. ഗ്രാസിം കമ്പനി ഒഴിഞ്ഞുപോകണമെന്ന ആവശ്യവുമായെത്തിയ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കമുള്ള ജനനേതാക്കളെ കള്ളക്കേസിൽ കുടുക്കിയിരിക്കുകയാണ്. സ്ഥലമില്ലാത്തതുമൂലം പഞ്ചായത്തിനനുവദിച്ച പല സർക്കാർ പദ്ധതികളും വഴിമാറിപ്പോയതായും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സമരസമിതി ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, ജനറൽ കൺവീനർ വളപ്പിൽ റസാഖ്, ട്രഷറർ എൻ.പി. അഹമ്മദ്, കൺവീനർ കെ.സി. വത്സരാജ്, കെ. ഉസ്മാൻ, കെ.എം. ഷമീർ, കെ.എസ്. രാമമൂർത്തി, ബാലകൃഷ്ണൻ നായർ, കെ.പി. രാജശേഖരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

