ഈ കുരുക്ക് ആരഴിക്കും?
text_fieldsതിരുവണ്ണൂർ മാങ്കാവ് മിനി ബൈപാസ്-ഒടുമ്പ്ര കടവ് പാലം റോഡിലെ ഗതാഗതക്കുരുക്ക്
കോഴിക്കോട്: തിരുവണ്ണൂർ മങ്കാവ് മിനി ബൈപാസ്-ഒടുമ്പ്ര കടവ് പാലം റോഡിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടിയില്ലാത്തത് യാത്രക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു. ഗതാഗതക്കുരുക്ക് കാരണം ഇടുങ്ങിയ റോഡിലൂടെ നടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. ഏകദേശം 600 മീറ്റർ നീളമുള്ള റോഡ് വീതികൂട്ടി നവീകരിക്കാൻ ഇതുവരെ സർക്കാർ പദ്ധതികളിലൊന്നും ഉൾപ്പെട്ടിട്ടില്ല.
തിരുവണ്ണൂർ മാങ്കാവ് മിനി ബൈപാസിനെ പന്തീരാങ്കാവിൽ എൻ.എച്ചുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ വഴിയാണിത്. അതിനാൽതന്നെ സദാസമയവും ഈ റോഡിൽ ഗതാഗതക്കുരുക്കാണ്.
റോഡ് വീതികൂട്ടി നവീകരിച്ചാൽ ഇതുവഴി ദേശീയപാതയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയും. മാത്രമല്ല ഒടുമ്പ്ര, കുന്നത്ത്പാലം, കമ്പിളിപ്പറമ്പ് ഭാഗങ്ങളിലേക്ക് നഗരത്തിൽ നിന്നുള്ള ബസുകൾ ഇതുവഴിയാണ് സർവിസ് നടത്തുന്നത്. രണ്ടു സ്വകാര്യ കമ്പനികളും ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്.
ഒടുമ്പ്ര എൽ.പി സ്കൂൾ, സ്വകാര്യ കോച്ചിങ് സെന്ററുകളുടെ ഹോസ്റ്റൽ എന്നിവിടങ്ങിലേക്കുള്ള വിദ്യാർഥികൾ ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡ് വീതികൂട്ടി നവീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എം.എൽ.എക്ക് കത്ത് നൽകിയിരുന്നെങ്കിലും നടപടിയൊന്നുമായിട്ടില്ല. റോഡിലെ ഗതാഗതക്കുരുക്ക് കാരണം രോഗികളെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

