വൈവിധ്യങ്ങളുടെ മാമ്പഴപ്രദർശനം
text_fieldsകാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച മാമ്പഴ പ്രദർശന വിൽപന
മേളയിൽനിന്ന്
കോഴിക്കോട്: വൈവിധ്യമാർന്ന മാമ്പഴങ്ങളുടെ വർണക്കാഴ്ചയുമായി കാലിക്കറ്റ് അഗ്രി ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴപ്രദർശനം. ഇന്ത്യയിലെ വിവിധതരം മാമ്പഴങ്ങളുടെയും അപൂർവ സങ്കരയിനങ്ങളുടെയും മനംമയക്കുന്ന രുചിഭേദങ്ങൾ അനുഭവിച്ചറിയാനുള്ള സുവർണാവസരമാണ് സൊസൈറ്റി ഗാന്ധി പാർക്കിൽ ഒരുക്കിയത്. പാലക്കാട് മുതലമടയിൽ നിന്നുള്ള മാമ്പഴങ്ങളാണ് പ്രധാന ആകർഷകം.
അൽഫോൻസ, കുദാദത്ത്, ബംഗനപ്പള്ളി തുടങ്ങി ഇന്ത്യയിലെ പേരുകേട്ട മാമ്പഴ ഇനങ്ങളായ മൽഗോവ, കാലപ്പാടി, പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന ബങ്കള്ളോറ (തോത്താപുരി), പ്രിയൂർ ഇനങ്ങളും വൈവിധ്യമാർന്ന ചിന്നസുവർണരേഖ, ബനട്ട് അൽഫോൻസാ ഇനങ്ങളും വലുപ്പംകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ആനത്തലയൻ, അമ്മിണി, മഹാരാജാ പസന്ത് ഇനങ്ങളും രുചിഭേദത്തിൽ മികച്ചുനിൽക്കുന്ന നാടൻ ചക്കരക്കുട്ടിയും പ്രദർശനത്തിനും വിൽപനക്കുമായുണ്ട്.
മാമ്പഴ വിഭവങ്ങളുണ്ടാക്കാൻ മുൻപന്തിയിൽ നിൽക്കുന്ന ചന്ദ്രകാരൻ, പേരക്കമാങ്ങ ഇനങ്ങളും, മുകൾ ചക്രവർത്തിമാർ അവരുടെ അരുമ സന്താനങ്ങളുടെ പേരുനൽകി അരമനയിൽ വളർത്തിയെടുത്ത ജഹാംഗീർ, ഹിമായുദ്ദീൻ, ബനിഷാൻ ഇനങ്ങളും തളിപ്പറമ്പ് ജില്ല കൃഷി ഫാമിൽ ഉൽപാദിപ്പിച്ച പലതരം സങ്കര ഇനങ്ങളായ എച്ച്151, എച്ച്87, എച്ച്56, എച്ച് 45 എന്നിവയുമുണ്ട്. 70 രൂപ മുതൽ 150 രൂപ വരെയാണ് മാമ്പഴങ്ങളുടെ വില. വിവിധതരം ഒട്ടുമാവുകളുടെയും തേൻവരിക്ക പ്ലാവിന്റെയും തൈകളുമുണ്ട്. മേയ് ഏഴിന് വൈകീട്ട് നാലിന് ഗാന്ധി പാർക്കിൽ മാമ്പഴ തീറ്റമത്സരവും ഒരുക്കിയിട്ടുണ്ട്.
പ്രദർശനം വെള്ളിയാഴ്ച കോർപറേഷൻ മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ആദ്യ വിൽപന വാർഡ് കൗൺസിൽ ഇ.കെ. റഹ്മത്ത് സുരേഷ് ബാബുവിന് നൽകി നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി അംബിക രമേഷ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ യു.വി. ബ്രിജി നന്ദിയും പറഞ്ഞു. മേയ് 10ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

