മാങ്കാവ് പാലം ഇന്ന് തുറക്കും
text_fieldsനവീകരണം അവസാനഘട്ടത്തിലെത്തിയ കല്ലുത്താൻ കടവ് പാലം
കോഴിക്കോട്: നഗരത്തിലെ മൂന്നു പാലങ്ങളുടെ നവീകരണം പാതി പിന്നിട്ടു. പണിയുടെ അവസാനഘട്ടം പൂർത്തിയാക്കാനായി വ്യാഴാഴ്ച രാത്രി 10 മുതൽ അടച്ചിട്ട മാങ്കാവ് പാലം ഞായറാഴ്ച രാത്രിക്കകം തുറക്കും. ഉപരിതലം മൈക്രോ കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞെന്നും ഇനി ഉണങ്ങാനുള്ള കാലതാമസമേയുള്ളൂവെന്നും കരാറുകാരായ മുംബൈ ആസ്ഥാനമായ സ്ട്രക്ചറൽ സ്പെഷാലിറ്റീസ് സോണൽ മാനേജർ അനിൽ നാരായണൻ അറിയിച്ചു.
മൂന്നു മാസം മുമ്പ് തുടങ്ങിയ പണി 95 ശതമാനം പൂർത്തിയായി. കല്ലുത്താൻ കടവ്, എ.കെ.ജി പാലങ്ങളാണ് മാങ്കാവ് പാലം പണിക്കൊപ്പം നന്നാക്കുന്നത്. കല്ലുത്താൻ കടവ് പാലം അടക്കേണ്ടിവരില്ലെങ്കിലും എ.കെ.ജി പാലത്തിൽ കുറച്ച് ദിവസം പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം വേണ്ടിവരും. എ.കെ.ജി പാലം നവീകരണം 60 ശതമാനവും കല്ലുത്താൻ കടവ് പാലം 80 ശതമാനവും തീർന്നതായി കരാറുകാർ പറഞ്ഞു.
മാങ്കാവ് പാലത്തിൽ പെയിന്റടിയാണ് തീരാനുള്ളത്. കാതോഡിക് പ്രൊട്ടക്ഷൻ, കേടായ ഇടത്തെല്ലാം മൈക്രോ കോൺക്രീറ്റിടൽ, തുരുമ്പെടുക്കാതിരിക്കാനുള്ള ആന്റി കാർബണേറ്റ് കോട്ടിങ്, പോളിമർ മോൾഡഡ് മോർട്ടാർ, പെയിന്റിങ് എന്നിവയാണ് കാര്യമായി ചെയ്തത്. മാങ്കാവ് പാലം അടച്ചത് കാരണം മീഞ്ചന്ത അരയിടത്ത് പാലം മിനി ബൈപാസ് റോഡിൽ ഗതാഗതം നിലച്ചതോടെ കല്ലായി റോഡിലും തൊണ്ടയാട് ബൈപാസിലും വലിയ ഗതാഗതക്കുരുക്കുണ്ട്.
മൂന്നു പ്രവൃത്തികളും ഒന്നിച്ച് തീർക്കാനാണ് ശ്രമം. ആറു മാസത്തിനകം പണി തീർക്കാനാണ് കരാർ. 4.47 കോടി രൂപ ചെലവില്‍ സി.എച്ച് മേൽപാലം നവീകരിച്ചതിനു പുറമെ, 1986ല്‍ നിര്‍മിച്ച എ.കെ.ജി മേൽപാലത്തിന് കൂടുതല്‍ ബലക്ഷയമുണ്ടാവുന്നത് തടയാന്‍ 3.5 കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തുന്നത്.
മദ്രാസ് ഐ.ഐ.ടിയുടെയും കോഴിക്കോട് എൻ.ഐ.ടിയുടെയും സഹകരണത്തോടെ കേരള ഹൈവേ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നവീകരണം. കല്ലുത്താൻ കടവ് പാലം നന്നാക്കാൻ 1.18 കോടി രൂപയും മാങ്കാവ് പാലത്തിന് 1.49 കോടി രൂപയുമാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

