മണാശ്ശേരി അപകടം; പൊലീസിന് പ്രശംസ, കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ പ്രതിഷേധം
text_fieldsമുക്കം: മണാശ്ശേരി സ്കൂളിനു സമീപം അപകടംവരുത്തിയ ശേഷം നിർത്താതെ പോയ കാർ മണിക്കൂറുകൾക്കും പിടികൂടി മുക്കം പൊലീസ്. കത്തോലിക്ക കോൺഗ്രസ് നേതാവ് ബേബി പെരുമാലിയുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ടാണ് ചടുലമായ നീക്കത്തിലൂടെ പൊലീസ് കാർ കണ്ടെത്തിയത്.
അർധരാത്രിയിൽ അപകടം നടന്നയുടനെ കാറുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രാവിലെ മുതൽ മുക്കം സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷ്, എസ്.ഐ. സജിത്ത്, എ.എസ്.ഐ. ഷിബിൽ ജോസഫ്, ഷോബിൻ എന്നിവരുടെ നേതൃത്വത്തിൻ മണാശ്ശേരി മുതൽ കുന്ദമംഗലംവരെയുള്ള ഭാഗങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഉൾറോഡിലൂടെ കാറുമായി പോയതിനാൽ കാറിന്റെ ദൃശ്യങ്ങൾ ലഭ്യമായില്ല.
തുടർന്ന് സ്വകാര്യ ആശുപത്രിയുടെ കാമറകളും അപകടസ്ഥലത്തുനിന്ന് ലഭിച്ച കാറിന്റെ ചെറിയ ഭാഗം ഉപയോഗിച്ചുള്ള പരിശോധനയും ദൃക്സാക്ഷികൾ നൽകിയ വിവരങ്ങളും കൂട്ടിയിണക്കി നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് മണാശ്ശേരിക്കടുത്തുള്ള വീട്ടിൽനിന്ന് കാർ കണ്ടെത്തിയത്. മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്ന് പഠനം പൂർത്തിയാക്കിയ തൊടുപുഴ സ്വദേശിയായ യുവഡോക്ടർ ആണ് കാറോടിച്ചിരുന്നതെന്നും ഇയാൾ ചികിത്സയിലാണെന്നുമാണ് പൊലീസ് നൽകുന്ന വിവരം.
മനുഷ്യത്വമില്ലാത്ത ഡോക്ടറുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, അപകടസമയത്ത് കാര്യക്ഷമമായി ഇടപെടാതെ, ഒഴിഞ്ഞുമാറിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെയും പ്രതിഷേധം ശക്തമാണ്. ബേബിയെ ആശുപത്രിയിലെത്തിച്ച ഹാച്ചി കോ ആനിമൽ റെസ്ക്യു ടീമംഗം ജംഷീറിന്റെ സമൂഹമാധ്യമ പോസ്റ്റ് പുറത്തുവന്നതോടെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ പ്രതിഷേധമുയർന്നത്.
കോഴിക്കോടുനിന്ന് മുത്തപ്പൻ പുഴയിലേക്കുള്ള ബസിൽ വരുന്നതിനിടെ ജംഷീറും സുഹൃത്തുക്കളും അപകടം ശ്രദ്ധയിൽപെട്ടതോടെ ബസ് നിർത്തിച്ച് ഇവിടെ ഇറങ്ങി. ചെറിയ പരിക്കാണെങ്കിൽ ഇതേ ബസിൽ ആശുപത്രിയിൽ എത്തിക്കാമെന്നാണ് അവർ കരുതിയത്. ഇക്കാര്യം ബസ് ജീവനക്കാരോട് പറയുകയും ചെയ്തിരുന്നു. എന്നാൽ, ഇവർ ഇറങ്ങിയ ഉടൻ ബസ് വിട്ടുപോയി. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗും സാധനങ്ങളും പോലും ബസിനകത്തായിരുന്നു.
ആംബുലൻസ് വിളിച്ചാണ് ബേബിയെ ആശുപത്രിയിൽ എത്തിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ജംഷീറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

