മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് ടെൻഡർ നടപടിയായില്ല
text_fieldsമാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി കുരിശുപള്ളിക്ക് മുന്നിലെ തെങ്ങുകൾ
മുറിച്ചനിലയിൽ
കോഴിക്കോട്: 2008ൽ വിഭാവനം ചെയ്ത മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരിപ്പാത നിർമാണം 16 കൊല്ലത്തിനു ശേഷവും യാഥാർഥ്യമാവാത്തതിൽ പ്രതിഷേധമുയരുന്നു. ടെൻഡർ നടപടികളാണ് ഇനി വേണ്ടത്. സ്ഥലമേറ്റെടുക്കൽ ഏറക്കുറെ പൂർത്തിയായി മരം മുറിക്കൽ നടക്കുകയാണ്. തിങ്കളാഴ്ച ബാങ്ക് റോഡ് ഭാഗത്തെ തെങ്ങുകളും മറ്റും മുറിച്ചുനീക്കി. റോഡ് നവീകരണത്തിന് 131 കോടി രൂപയുടെ ഭരണാനുമതി 2023 ഒക്ടോബർ 10ന് ലഭ്യമായി. 8.5 കിലോമീറ്ററുള്ള റോഡ് 24 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു. കുറച്ച് നിയമ, സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. എരഞ്ഞിപ്പാലത്തെ ഫ്ലൈ ഓവറിന്റെ നിർമാണം സംബന്ധിച്ച സാങ്കേതിക വിഷയങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കോഴിക്കോട് നഗരത്തെ കനാൽ സിറ്റിയാക്കി രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടത്. ഫ്ലൈ ഓവറിന്റെ വിശദ പദ്ധതിരേഖ തയാറായിട്ടുണ്ട്.
പ്രവൃത്തി ആരംഭിച്ചാൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനുള്ള ഷെഡ്യൂൾ തയാറാക്കാനാണ് ശ്രമമെന്ന് അധികൃതർ പറയുന്നു. മരങ്ങളും കെട്ടിടങ്ങളും മാറ്റിയെങ്കിലും വൈദ്യുതി, ടെലിഫോൺ, വെള്ളം തുടങ്ങിയവയുടെ ലൈനുകൾ മാറ്റുന്ന നടപടി പൂർത്തിയായില്ല. റോഡ് പണി പൂർത്തിയാവാത്തതിനാൽ ഈ മേഖലയിൽ മറ്റ് വികസന പദ്ധതികളും നടപ്പാകുന്നില്ല. ഫുട്പാത്ത് നവീകരണവും ടൈലിടലും എല്ലാം പത്തു വർഷത്തിലേറെയായി നടന്നിട്ടില്ല.
വയനാട് ദേശീയപാത നവീകരണം വരുന്നതിനാൽ മലാപ്പറമ്പ് ജങ്ഷനിൽനിന്ന് മാനാഞ്ചിറയിലേക്കുള്ള ഭാഗം മാത്രം നന്നാക്കാനും മലാപ്പറമ്പ്-വെള്ളിമാട്കുന്ന് ഭാഗം ദേശീയപാത പദ്ധതിയിൽ വികസിപ്പിക്കാനായി മാറ്റാനും നീക്കം നടക്കുന്നുണ്ട്. വീതി കൂട്ടാനാവശ്യമായ സ്ഥലം ഏറ്റെടുക്കൽ 95 ശതമാനത്തിലധികം പൂർത്തീകരിച്ചതിനാൽ ഉടൻ ടെൻഡർ നടപടിയിലേക്ക് കടക്കുകയാണ് വേണ്ടത്.
നിരവധി പ്രതിഷേധങ്ങൾക്കു ശേഷമാണ് റോഡിനുള്ള നടപടി ഇത്രയെങ്കിലുമായത്. 7.4 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. 344 കോടി രൂപ ഭൂമി ഏറ്റെടുക്കാൻ ചെലവഴിച്ചു. ഇനിയും ടെൻഡർ ചെയ്യാത്തതിൽ ആക്ഷൻ കമ്മറ്റി പ്രതിഷേധത്തിലാണ്. ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റി നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായി കൂടിയാണ് റോഡ് നിർമാണത്തിനുള്ള സ്ഥലമെടുപ്പ് ഏതാണ്ട് പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

