മാനാഞ്ചിറ-ടൗൺഹാൾ റോഡ് ഗതാഗതത്തിനായി തുറന്നു
text_fieldsനവീകരണ പ്രവൃത്തിക്കുശേഷം തുറന്ന പട്ടാളപ്പള്ളി മുതൽ കോംട്രസ്റ്റ് വരെയുള്ള റോഡിലൂടെ വാഹനങ്ങൾ പോകുന്നു
കോഴിക്കോട്: മാനാഞ്ചിറ-കിഡ്സൺ കോർണർ ഇന്റർലോക്ക് പണി പൂർത്തിയാക്കി മാനാഞ്ചിറ-ടൗൺഹാൾ റോഡ് ഗതാഗതത്തിനായി തുറന്നു. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് അൽപം ആശ്വാസമാകും. എൽ.ഐ.സി ബസ് സ്റ്റോപ് മുതൽ സെൻട്രൽ ലൈബ്രറിക്ക് മുൻവശം വരെ 130 മീറ്റർ നീളത്തിൽ 1920 സ്ക്വയർമീറ്റർ വിസ്തൃതിയിലാണ് ഇന്‍റർലോക്ക് വിരിച്ചത്. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ജനം നഗരത്തിലേക്കൊഴുകുകയും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തതോടെ പൊലീസിന്‍റെ സമ്മർദത്തിൽ, ഉദ്ഘാടനത്തിന് കാത്തിരിക്കാതെ റോഡ് തുറന്നുകൊടുക്കുകയായിരുന്നു.
ഞായറാഴ്ച വൈകീട്ടോടെയാണ് റോഡ് തുറന്നുകൊടുത്തത്. ബസ് ഒഴികെയുള്ള വാഹനങ്ങളാണ് ആദ്യം കടത്തിവിട്ടത്. തിങ്കളാഴ്ച ബസ് അടക്കമുള്ള വാഹനങ്ങള്‍ കടത്തിവിട്ടു. പ്രവൃത്തി പൂർത്തിയായിട്ടും ഉദ്ഘാടനത്തിനു ശേഷം തുറന്ന് നല്‍കാനായിരുന്നു കോർപറേഷൻ അധികൃതരുടെ തീരുമാനം. നഗരത്തിലെ തിരക്കിനെ തുടര്‍ന്ന് റോഡ് തല്‍ക്കാലം ഗതാഗതത്തിനു തുറക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോര്‍പറേഷന്റെയോ പി.ഡബ്ല്യു.ഡിയുടെയോ ഭാഗത്തു നിന്നു വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. എന്നാൽ, പൊലീസ് നിലപാട് കടുപ്പിച്ചതോടെ റോഡ് താല്‍ക്കാലികമായി തുറക്കുകയായിരുന്നു.
ചെറിയ മഴപെയ്താൽ വെള്ളക്കെട്ട് അനുഭവപ്പെടുകയും തകർന്ന് വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തിരുന്നു കിഡ്സൻ കോർണർ വെള്ളക്കെട്ട് പരിഹരിച്ച് ഉയർത്തി ഇന്‍റർ ലോക്ക് വിരിക്കാൻ ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് റോഡ് അടച്ചത്. 20 ദിവസംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്ന വാഗ്ദാനം. എന്നാൽ, പണി നീണ്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്. നവീകരിച്ച റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് തടയാനുള്ള സംവിധാനമുണ്ട്.
ഓടയില്‍ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ വിവിധ ഭാഗങ്ങളില്‍ മൂന്ന് വലിയ ചേംബറുകള്‍ സ്ഥാപിച്ചു. ചേംബറില്‍നിന്ന് ഓവുചാലിലേക്കുള്ള ഭാഗം ഇരുമ്പ് അരിപ്പവെച്ച് അടച്ചതിനാല്‍ ഓവുകളില്‍ മാലിന്യം അടിഞ്ഞുകൂടില്ല. ചേംബറുകള്‍ തുറന്ന് മാലിന്യം നീക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

