മാനാഞ്ചിറ റോഡ് ഈ മാസം അവസാനത്തോടെ ഗതാഗതയോഗ്യമാകും
text_fieldsകോഴിക്കോട് മാനാഞ്ചിറ കിഡ്സൻ കോർണറിലെ റോഡിൽ കട്ട വിരിക്കുന്ന പണി പുരോഗമിക്കുന്നു
കോഴിക്കോട്: ഒരു മാസത്തോളമായി നവീകരണ പ്രവൃത്തി നടക്കുന്ന മാനാഞ്ചിറ റോഡ് ഡിസംബർ അവസാനത്തോടെ ഗതാഗതയോഗ്യമാകും. വർഷങ്ങളായി ചെറുമഴയിൽപോലും വെള്ളക്കെട്ടിൽ ഗതാഗത തടസ്സം നേരിട്ട സ്പോർട്സ് കൗൺസിൽ ഓഫിസ് പരിസരത്തെ നവീകരണമാണ് പുരോഗമിക്കുന്നത്. 120 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കട്ടകൾ പാകുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. കട്ടകൾ വിരിക്കുന്നതിന്റെ പ്രവൃത്തി പാതിയായി. കട്ടകൾ ഇളകിപ്പോകാതിരിക്കാൻ നാലുഭാഗത്തും കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് വരും ദിവസങ്ങളിൽ നടക്കുക. കോൺക്രീറ്റ് ഉറക്കാൻ രണ്ടാഴ്ച സമയം വേണം. അതിനുശേഷം കുറച്ചുദിവസം ചെറുവാഹനങ്ങൾ കടത്തിവിടും. തുടർന്നേ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ.
ഓവുചാലിന്റെ പ്രവൃത്തികൾ പൂർത്തിയായി. ഓടയിൽ മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ വിവിധ ഭാഗങ്ങളിൽ മൂന്ന് വലിയ ചേംബറുകൾ നിർമിച്ചിട്ടുണ്ട്. റോഡിലെ വെള്ളം ഓവുചാലിലേക്കെത്തുന്നത് ചേംബർ വഴിയാണ്. ചേംബറിൽനിന്ന് ഓവുചാലിലേക്കുള്ള ഭാഗം ഇരുമ്പ് അരിപ്പവെച്ച് അടച്ചതിനാൽ ഓവുകളിൽ മാലിന്യം അടിഞ്ഞുകൂടില്ല. ചേംബറുകൾ തുറന്ന് മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി നടക്കുന്നത്. മാനാഞ്ചിറ റോഡിലെ വെള്ളക്കെട്ട് തടയാൻ വർഷങ്ങളായി കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു. പട്ടാളപ്പള്ളി മുതൽ ടൗൺഹാൾ വരെ റോഡ് കോർപറേഷന്റേതും ടൗൺഹാളിന് മുന്നിലുള്ളത് പൊതുമരാമത്ത് വകുപ്പിന്റേതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

