"പൊടി'പൂരമായി മാനാഞ്ചിറ; കിഡ്സൺ കോർണറിലെ മാലിന്യം നീക്കം ചെയ്തില്ല
text_fieldsപുൽത്തകിടി നശിച്ച മാനാഞ്ചിറ മൈതാനം, കിഡ്സൺ കോർണറിൽ ലൈബ്രറിക്കു സമീപം മാലിന്യം നീക്കം ചെയ്യാത്ത നിലയിൽ
കോഴിക്കോട്: കുഞ്ഞുങ്ങളുമായി ദീപാലങ്കാരം കാണാൻ മാനാഞ്ചിറയിലെത്തിയാൽ പൊടിശ്വസിച്ച് ചുമപിടിച്ച് കിടപ്പിലാവുന്ന അവസ്ഥ. ക്രിസ്മസ്, ന്യൂയർ ആഘോഷത്തിനായി മാനാഞ്ചിറയും പരിസരവും ദീപാലങ്കാരം നടത്തിയപ്പോൾ പുല്ലുവെച്ചു പിടിപ്പിക്കാനോ പൊടിശല്യം പരിഹരിക്കാനോ നടപടി സ്വീകരിക്കാത്തതാണ് സഞ്ചാരികൾക്ക് ദുരിതമാവുന്നത്.
മൈതാനത്തിലെ പുല്ല് നശിച്ച് മണ്ണിളകിക്കിടക്കുന്നതിനാൽ ആളുകൾ എത്തുമ്പോഴേക്കും മാനാഞ്ചിറ പൊടി പൂരമാവും. തിരക്കുകൂടിയാൽ പൊടിപടലമല്ലാതെ മറ്റൊന്നും കാണാനാവില്ല. കിഡ്സൺ കോർണർ റോഡിൽ ഇന്റർലോക്ക് വിരിച്ചതിന് ശേഷം മതിയായ രീതിയിൽ ശുചീകരണം നടക്കാത്തതിനാൽ ഇതുവഴി വാഹനങ്ങൾ കടന്നുപോവുമ്പോൾ മിഠായിത്തെരുവിലേക്കും പൊടിയടിച്ചുകയറുകയാണ്. റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടും റോഡിന്‍റെ വശങ്ങളിൽനിന്ന് മാലിന്യം പൂർണമായും നീക്കം ചെയ്ത്തിട്ടില്ല. ഇത് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനായി വ്യാപാരികൾ പറയുന്നു.
മിഠായിത്തെരുവിന്‍റെ പ്രവേശനഭാഗത്തെ കടകളിൽ പൊടിനിറഞ്ഞ സ്ഥിതിയാണ്. പൊടിപിടിച്ച സാധനങ്ങൾ ഉപഭോക്താക്കൾ വാങ്ങാൻ തയാറാവുന്നില്ല. വിഷയത്തിൽ കോർപറേഷൻ ഇടപെടമെന്നും വ്യാപാരികൾ ആശ്യപ്പെട്ടു. മാനാഞ്ചിറയിലെ പുൽത്തകിടി നശിച്ചിട്ട് വർഷങ്ങളായെങ്കിലും വീണ്ടും പുല്ല് വെച്ചു പിടിപ്പിക്കാൻ അധികൃതർ തയാറായിട്ടില്ല. കോർപറേഷനാണ് മാനാഞ്ചിറ പരിപാലന ചുമതല. നിലവിൽ നവീകരണത്തിനായി ഡി.ടി.പി.സിക്ക് കൈമാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

