യുവാവ് റോഡിൽ രക്തത്തിൽ കുളിച്ച നിലയിൽ
text_fieldsകുറ്റ്യാടി: കൈവേലിയിൽ റോഡരികിൽ ഗുരുതരപരിക്കുകളോടെ രക്തത്തിൽ കുളിച്ചനിലയിൽ യുവാവിനെ കണ്ടെത്തി. വളയം ചുഴലി നീലാണ്ടുമ്മൽ പാറയുള്ളപറമ്പത്ത് വിഷ്ണുവിനെയാണ് (30) ചമ്പിലോറ റോഡിൽ തലക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11ഓടെ കണ്ടെത്തിയ ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനിലയിൽ നേരിയ മാറ്റം വന്നതായും ഒരു ശസ്ത്രക്രിയകൂടി വേണ്ടിവരുമെന്നും ഡോക്ടർ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കുറ്റ്യാടി സി.ഐ ഇ.കെ. ഷിജു പറഞ്ഞു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ ജീവനക്കാരനായ ഇയാളുടെ അമ്മവീട് നരിപ്പറ്റ താവുള്ളകൊല്ലിയിലാണ്. അടുത്തകാലത്താണ് വിവാഹം കഴിഞ്ഞത്. വീണുകിടന്ന സ്ഥലത്തിന് ഏതാനും മീറ്റർ അകലെയായി ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. റോഡിൽ രക്തത്തിന്റെ പാടുണ്ട്. പരിക്കേറ്റയാൾ മഴക്കോട്ട് ധരിച്ചനിലയിലായിരുന്നു.
ബൈക്ക് യാത്രക്കാരനാണ് സംഭവം ആദ്യം കാണുന്നത്. തുടർന്ന് കുറ്റ്യാടി പൊലീസിൽ വിവരം നൽകുകയായിരുന്നു.

