പട്ടാപ്പകൽ അയൽവീട്ടിൽ യുവാവിന്റെ പരാക്രമം
text_fieldsനാദാപുരം: പട്ടാപ്പകൽ അയൽവീട്ടിൽ ചെന്ന് ഓട്ടോ അടിച്ചുതകർത്തും വീട്ടമ്മയെ കൈയേറ്റം ചെയ്തും യുവാവിന്റെ പരാക്രമം. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ ബോധരഹിതനായി അഭിനയിച്ച് പൊലീസുകാരെ വെട്ടിലാക്കുകയും ചെയ്തു. നാദാപുരം സ്റ്റേഷൻ പരിധിയിൽ കല്ലാച്ചിയിലാണ് വെള്ളിയാഴ്ച ഉച്ചക്ക് സംഭവം. സ്ത്രീകളും കുട്ടികളും മാത്രമുള്ള സമയത്താണ് 22കാരനായ യുവാവ് അയൽവീട്ടിൽ പരാക്രമവുമായെത്തിയത്.
വീടിന്റെ മുറ്റത്ത് നിർത്തിയിട്ട ഓട്ടോ തല്ലിപ്പൊളിക്കുകയും വീടിന്റെ ജനൽ ഗ്ലാസുകൾ എറിഞ്ഞുതകർക്കുകയും ചെയ്തു. പിഞ്ചുകുട്ടികളും സ്ത്രീകളും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വീട്ടമ്മ ബഹളം വെച്ചതോടെ നാട്ടുകാരും സ്ഥലത്തെത്തി. ഇതിനിടെ വീടിന് പുറത്തിറങ്ങിയ വീട്ടമ്മയെ യുവാവ് ആക്രമിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് നാദാപുരം പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. പൊലീസ് ചോദ്യം ചെയ്ത് കഴിഞ്ഞയുടൻ യുവാവ് അബോധാവസ്ഥയിലായി. സ്റ്റേഷനിലുണ്ടായിരുന്ന യുവാവിന്റെ മാതാവ് അലമുറയിട്ട് കരഞ്ഞതോടെ പൊലീസുകാരും ഭയന്നു.
സ്റ്റേഷനകത്ത് അനക്കമില്ലാതെ കിടന്ന യുവാവിന്റെ മുഖത്ത് പച്ചവെള്ളം തളിച്ചെങ്കിലും പ്രതികരണം ഇല്ലാതായതോടെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ, അബോധാവസ്ഥ നാടകമാണെന്നും യുവാവിന്റെ ആരോഗ്യ നിലയിൽ കുഴപ്പങ്ങളില്ലെന്നും ഡോക്ടർമാർ പറഞ്ഞു. യുവാവിനെതിരെ കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

