സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്: നാലാംപ്രതി അറസ്റ്റിൽ
text_fieldsകോഴിക്കോട്: നഗരത്തിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ മറ്റൊരു പ്രതികൂടി അറസ്റ്റിൽ. നാലാം പ്രതി ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി ദാറുസ്സലാം വീട്ടിൽ പി. അബ്ദുൽ ഗഫൂറിനെയാണ് (47) സി -ബ്രാഞ്ച് കൽപറ്റയിൽ നിന്ന് ശനിയാഴ്ച രാത്രിയോടെ പിടികൂടിയത്.
ഒന്നാംപ്രതി മൂരിയാട് സ്വദേശി പുത്തൻപീടിയേക്കൽ ഷബീറിനെ ആഗസ്റ്റ് 20ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൽപറ്റയിലെ റിസോർട്ടിൽ നിന്നാണ് അബ്ദുൽ ഗഫൂർ പിടിയിലായത്. സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെ ഒളിവിൽപോയ ഇയാൾ ഒരുവർഷത്തോളം ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞിരുന്നത്.
മുഖ്യസൂത്രധാരൻ ഷബീറാണ് ഇയാളെ സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിന് ക്ഷണിച്ചത്. അഞ്ചുവർഷമായി ഗഫൂറും ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ബേപ്പൂർ കേന്ദ്രീകരിച്ച് ഉരുവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിവന്ന ഇയാൾ സാമ്പത്തികമായി തകർന്നതോടെ സമാന്തര എക്സ്ചേഞ്ചുമായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു. ഗഫൂറിന് പാളയത്ത് 'ബിനാഫെ' എന്നപേരിൽ ഓഫിസ് ഉണ്ടായിരുന്നു. ഈ ഓഫിസിന്റെ പേരിലാണ് ഷബീർ സിം ബോക്സുകളിലുപയോഗിക്കാനുള്ള നൂറുകണക്കിന് സിം കാർഡുകൾ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചത്. പ്രതി താമസിച്ച കൽപറ്റയിലെ റിസോർട്ടിലെ മുറി പൊലീസ് പൂട്ടി സീൽ ചെയ്തു.
പൊറ്റമ്മൽ സ്വദേശി മാട്ടായി പറമ്പ് ഹരികൃഷ്ണയിൽ എം.ജി. കൃഷ്ണപ്രസാദ് (34), വിദേശത്തുള്ള മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരി (40) എന്നിവരാണ് ഇനി പിടിയിലാവാനുള്ളത്. കൃഷ്ണപ്രസാദ് ഉടൻ പിടിയിലാവുമെന്ന് അന്വേഷണ സംഘം പറഞ്ഞു. 2021 ജൂലൈ ഒന്നിനാണ് നഗരത്തിൽൽ ഏഴിടത്ത് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ്ചെയ്ത അബ്ദുൽ ഗഫൂറിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.