പൂനൂർ: ടൗണിലെ ജ്വല്ലറിയില്‍നിന്ന് പട്ടാപ്പകല്‍ സ്വർണ മോതിരം മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചയാളെ സ്ഥാപന ഉടമയും ജീവനക്കാരനും ചേർന്ന് പിടികൂടി. മോതിരം വാങ്ങാനെന്ന വ്യാജേന ടൗണിലെ സമാറ ജ്വല്ലറിയിലെത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സുലൈമാനാണ് (42) ആഭരണം മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്.
തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം. മോതിരം തിരഞ്ഞെടുക്കുന്നതിനിടെ ഒരെണ്ണം കൈയിലെടുത്ത് യഥാസ്ഥാനത്ത് വ്യാജ സ്വർണമോതിരംവെച്ച് പുറത്തേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ കടയുടമയും ജീവനക്കാരനും ഇയാളെ പിടികൂടി ജ്വല്ലറിയുടെ വാതില്‍ അടച്ചതോടെ മോഷ്ടിച്ച മോതിരം തിരിച്ചുനൽകി.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ബാലുശ്ശേരി സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തു. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതായി ബാലുശ്ശേരി പൊലീസ് അറിയിച്ചു. സമാന രീതിയില്‍ മോഷണം നടത്തിയതിന് ജില്ലയിലെയും വയനാട്ടിലെയും വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി അറിയുന്നു.