പെൺവാണിഭത്തിന് ഒത്താശ, കേസായപ്പോൾ മുങ്ങൽ; സേനക്ക് ഇരട്ടനാണക്കേടായി പൊലീസ് പ്രതികൾ
text_fieldsപൊലീസുകാരായ സനിത്തിനെയും ഷൈജിത്തിനെയും കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽനിന്ന് കോടതിയിൽ
ഹാജരാക്കാൻ കൊണ്ടുപോകുന്നു
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ പ്രതികളായ പൊലീസുകാർ മുങ്ങിയത് സേനക്ക് ഇരട്ട നാണക്കേടുണ്ടാക്കി. ഒരാഴ്ചയായി നഗരത്തിലെ പൊലീസ് വലിയ സമ്മർദത്തിലായിരുന്നു. പെൺവാണിഭത്തിന്റെ ഒത്താശക്കാരായ രണ്ട് പ്രതികൾ പൊലീസുകാരാണ് എന്നതുതന്നെ സേനക്ക് നാണക്കേടുണ്ടാക്കി.
സേനയിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത് (42), കെ. സനിത്ത് (45) എന്നിവരെയാണ് ‘ഓപറേഷൻ ഹെയർപിൻ’ എന്നുപേരിട്ട അന്വേഷണത്തിനൊടുവിൽ താമരശ്ശേരി കോരങ്ങാടുനിന്ന് പിടികൂടിയത്. കേസിൽ പ്രതി ചേർത്തപ്പോൾ ജാമ്യം കിട്ടുന്ന വകുപ്പുകളായിട്ടുപോലും പ്രതികൾ ഒളിവിൽ പോയത് പൊലീസിന്റെ നാണക്കേട് ഇരട്ടിയാക്കി.
ഒരാഴ്ചയായി പ്രതികൾക്കുപിന്നാലെ ഓടുകയായിരുന്നു അന്വേഷണസംഘം. ഗുരുതരമായ കണ്ടെത്തലുകളാണ് രണ്ട് പൊലീസ് ഡ്രൈവർമാർക്കെതിരെ വകുപ്പുതല അന്വേഷണസംഘം കണ്ടെത്തിയത്. വർഷങ്ങളായി മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന പെൺവാണിഭ കേന്ദ്രത്തിലെ മുഖ്യപ്രതികളുമായുള്ള ഫോൺ ചാറ്റിങ്, സാമ്പത്തിക ഇടപാടുകൾ എന്നിവയാണ് ഇവരെ പ്രതിചേർക്കാൻ കാരണമായത്.
ഇതിന്റെ വിശദമായ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസിന്റെ അടുത്ത നടപടി. റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ, ഇവരെ ഒളിവിൽ താമസിപ്പിച്ചവരുടെ രാഷ്ട്രീയബന്ധങ്ങൾ തുടങ്ങിയവയെല്ലാം അന്വേഷണവിധേയമാക്കേണ്ടതുണ്ട്. പ്രാഥമികമായ ചോദ്യം ചെയ്യലിൽ പ്രതികൾ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.
ജൂൺ ആറിനാണ് മലാപ്പറമ്പിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് റെയ്ഡിൽ പെൺവാണിഭ സംഘം പിടിയിലായത്. വയനാട് സ്വദേശിനി ബിന്ദു (47), ഇടുക്കി സ്വദേശിനി അഭിരാമി (35), ഫറോക്ക് സ്വദേശി ഉപേഷ് (48) എന്നിവർ നടത്തിപ്പുകാരായുള്ള സംഘത്തിൽ ആറ് സ്ത്രീകളും മൂന്നുപുരുഷന്മാരും ഉൾപ്പെടെ ഒമ്പതുപേരാണ് പിടിയിലായത്. ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടു വര്ഷത്തിലേറെയായി വാടകക്ക് കൊടുത്തിരിക്കുകയാണ് അപ്പാർട്ട്മെന്റ്. ബഹ്റൈനിലുള്ള എം.കെ. അനിമിഷ്കുമാർ എന്നയാളാണ് കെട്ടിടം വാടകക്ക് എടുത്തത്. അനിമിഷിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. നടത്തിപ്പുകാരിയായ ബിന്ദുവിന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ അസാന്മാർഗിക നടത്തിപ്പിന് കേസുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

