മലാപ്പറമ്പ്-പാച്ചാക്കിൽ സർവിസ് റോഡ് നിർമാണം ഈ മാസം പൂർത്തീകരിക്കും
text_fieldsകോഴിക്കോട്: ദേശീയപാതയിൽ മലാപ്പറമ്പിൽനിന്ന് പാച്ചാക്കിലേക്കുള്ള സർവിസ് റോഡിന്റെ നിർമാണം ഈ മാസം പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി. പനാത്തുതാഴം മീഡിയൻ അടച്ചതിനെത്തുടർന്ന് വൻ ഗതാഗതക്കുരുക്ക് നിലനിൽക്കെയാണ് പാച്ചാക്കിൽ സർവിസ് റോഡ് നിർമാണം പൂർത്തീകരിക്കുന്നത്.
മലാപ്പറമ്പ് മുതൽ പാച്ചാക്കിൽവരെ ഏതാണ്ട് അരകിലോമീറ്റർ ദൂരത്തിലുള്ള സർവിസ് റോഡിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ഇതു പൂർത്തിയാകുന്ന മുറക്ക് പാച്ചാക്കിൽ മീഡിയനും അടക്കും. ഈ ഭാഗത്ത് സോയിൽ നെയ്ലിങ് നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ, പിന്നീട് കോൺക്രീറ്റ് ഭിത്തി നിർമിക്കാൻ ധാരണയായി.
ഇതുസംബന്ധിച്ച രൂപരേഖ കരാർ കമ്പനിയായ കെ.എം.സി കൺസ്ട്രക്ഷൻ എൻ.എച്ച്.എ.ഐക്ക് സമർപ്പിച്ചിരുന്നെങ്കിലും അനുമതി ലഭിക്കാൻ വൈകി. ഇതോടെയാണ് സർവിസ് റോഡ് നിർമാണം വൈകിയത്.
ദേശീയപാതയോട് ചേർന്ന സർവിസ് റോഡ് കൂടാതെ ഈ ഭാഗത്തെ കുന്നിന് മുകളിലൂടെയും റോഡുണ്ട്. ഇതും സർവിസ് റോഡായി ഉപയോഗിക്കുന്ന വിധത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. മലാപ്പറമ്പിനു പുറമെ നെല്ലിക്കോടിന് സമീപവും ഹൈലൈറ്റ് മാൾ, മെട്രോമെഡ് ആശുപത്രി എന്നിവിടങ്ങളിലുമാണ് സർവിസ് റോഡ് നിർമാണം പൂർത്തിയാക്കാനുള്ളത്.
സർവിസ് റോഡിന്റെ പ്രവൃത്തിയിലെ അപാകതയും വീതിക്കുറവും സംബന്ധിച്ച് പലസ്ഥലങ്ങളിലും ആക്ഷൻ കമ്മിറ്റികൾ നിലവിൽ വന്നിട്ടുണ്ട്. ഈ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് ഏറെ പ്രശ്നം. നെല്ലിക്കോട് ഭാഗത്താണ് കുരുക്ക് രൂക്ഷമായത്. മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകേണ്ട ആംബുലൻസുകൾപോലും ഗതാഗതക്കുരുക്കിൽപെടും. പലയിടത്തും ഓട്ടോക്കുമാത്രം പോകാൻ കഴിയുന്ന രീതിയിലാണ് റോഡുള്ളതെന്നാണ് ആരോപണം. 6.15 മീറ്റർ വീതി വേണ്ട സർവിസ് റോഡിൽ പലഭാഗത്തും മൂന്നുമീറ്റർ പോലും വീതിയില്ലെന്നാണ് നെല്ലിക്കോട് നാഷനൽ ഹൈവേ സർവിസ് റോഡ് സംരക്ഷണ സമിതി ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

