മലാപ്പറമ്പ് ജങ്ഷൻ; വലഞ്ഞ് യാത്രക്കാർ
text_fieldsമലാപ്പറമ്പ് ഓവർപാസ് തുറന്നപ്പോൾ
കോഴിക്കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജങ്ഷനിൽ നിർമിച്ച മേൽപാലം തുറന്നു കൊടുത്തെങ്കിലും സർവിസ് റോഡിന്റെ നിർമാണത്തിന് ഒരു ഭാഗം അടച്ചതിൽ വലഞ്ഞ് യാത്രക്കാർ. കിഴക്കുഭാഗത്തെ സർവിസ് റോഡിന്റെ നിർമാണത്തിന് വശം അടച്ച് പടിഞ്ഞാറുഭാഗത്തെ സർവിസ് റോഡിലൂടെ രാമനാട്ടുകര ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നതുമൂലം വാഹനങ്ങളുടെ നിര ഏറെ ദൂരത്തോളം നീണ്ടു. ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ ഏറെ നേരം പൊരിവെയിലിൽ കുടുങ്ങി.
വടക്കുഭാഗം വേദവ്യാസ സ്കൂൾ ഭാഗം വരെയും തെക്കുഭാഗം പാച്ചാക്കിൽ ഭാഗം വരെയും നീണ്ടു. കഴിഞ്ഞ തിങ്കളാഴ്ച പാലം തുറന്നെങ്കിലും ട്രാഫിക് പരിഷ്കരണം സംബന്ധിച്ച് കൂടുതൽ വ്യക്തതക്കുവേണ്ടി രണ്ടു ദിവസംകൂടി നീട്ടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ട്രാഫിക് അസിസ്റ്റന്റ് കമീഷണർ കെ.എ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ദേശീയപാത കരാർ കമ്പനി ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് നിയന്ത്രണം വിലയിരുത്തിയത്. നിയന്ത്രണം തുടങ്ങി പത്തുമിനിറ്റിനുള്ളിൽതന്നെ വാഹന നിര മീറ്ററുകളോളം നീളാൻ തുടങ്ങി.
വയനാട്- കോഴിക്കോട് പാതയിലും ഏറെ തിരക്കനുഭവപ്പെട്ടു. രാമനാട്ടുകര ഭാഗത്തേക്കും കണ്ണൂർ ഭാഗത്തേക്കും ദേശീയപാതയുടെ പടിഞ്ഞാറുവശത്തുകൂടെയാകും ഒരു മാസത്തേക്ക് ഗതാഗതം. റീട്ടെയിൻ വാളിനോട് ചേർന്ന് കോൺക്രീറ്റ് കട്ടകൾ സ്ഥാപിക്കുകയും മേൽപാലത്തിന് സമീപത്തെ മണ്ണുകൾ നീക്കം ചെയ്ത് ഇരു ഭാഗത്തെയും റോഡുകൾ കൂട്ടിയോജിപ്പിക്കണം. ശേഷം ടാറിങ് പൂർത്തിയാക്കുകയും വേണം. മണ്ണെടുത്തുകഴിഞ്ഞാൽ ടാറിങ്ങിനു മുമ്പുതന്നെ വാഹനങ്ങൾ കടത്തിവിടും. ഇതോടെ ഗതാഗതക്കുരുക്ക് ഒഴിവാകും.
മേൽപാലത്തിന്റെ നിർമാണത്തിന് മൂന്നുമാസത്തോളം അടച്ചെങ്കിലും ഒരു തരത്തിലുള്ള ഗതാഗതക്കുരുക്കും ഈ ഭാഗത്തുണ്ടായിരുന്നില്ല. മേൽപാലം തുറന്നതോടെയാണ് യാത്രക്കാർ വലയുന്നത്. മലാപ്പറമ്പ് ജങ്ഷനിൽ റിമോട്ട് കൺട്രോൾ സിഗ്നൽ മുന്നു ദിവസത്തിനുള്ളിൽ സ്ഥാപിക്കും.വയനാടു ഭാഗത്തുനിന്ന് തൊണ്ടയാട്, രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂളക്കടവ് ജങ്ഷനിൽനിന്ന് ചേവരമ്പലം നേതാജി നഗർ ജങ്ഷനിലൂടെ വഴിതിരിച്ചു വിടാൻ നിർദേശം നൽകിയെങ്കിലും പൂർണമായും നടപ്പാക്കാൻ പൊലീസിനു കഴിഞ്ഞില്ല.
ഒഴിവാക്കാമായിരുന്ന ഗതാഗതക്കുരുക്ക്
മലാപ്പറമ്പ് ജങ്ഷനരികിൽ റോഡിനു കുറുകെയുള്ള ജപ്പാൻ കുടിവെള്ളത്തിന്റെ പൈപ്പ് നേരത്തേ മാറ്റിയിരുന്നെങ്കിൽ നിലവിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കാമായിരുന്നുവെന്ന് വിലയിരുത്തൽ. മേൽപാലത്തിനു തെക്കുഭാഗത്തെ മണ്ണ് നീക്കം ചെയ്തിരുന്നെങ്കിൽ അടിപ്പാതയിലൂടെ ഒരു വശത്തേക്കെങ്കിലും വാഹനം കടത്തിവിടാമായിരുന്നു. രണ്ടു ദിവസമായി ദ്രുതഗതിയിലാണ് രാത്രിയിലും പകലും മണ്ണ് നീക്കം ചെയ്യുന്നത്.
മണ്ണ് മാറ്റിയശേഷം കുടിവെള്ളത്തിന്റെ പൈപ്പ് മാറ്റും. ഇതിനുള്ള പൈപ്പ് സമീപത്ത് എത്തിച്ചിട്ടുണ്ട്. മണ്ണ് വേഗം നീക്കം ചെയ്ത് അടിപ്പാതയിലൂടെ എത്രയും വേഗം വാഹനം കടത്തിവിടാൻ നടപടി കൈക്കാള്ളാൻ ട്രാഫിക് അസിസ്റ്റന്റ് കമീഷണർ കെ.എ. സുരേഷ് കുമാർ കരാർ കമ്പനി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മണ്ണ് നീക്കം ചെയ്യാൻ കുറച്ച് ദിവസമെടുക്കും. പാച്ചാക്കിൽ ഭാഗത്തെ കുടിവെള്ള പൈപ്പ് മാറ്റുന്നതിന്റെ പ്രവൃത്തിയും ആരംഭിച്ചു. ഇതിനുവേണ്ടി മലാപ്പറമ്പ്- മെഡിക്കൽ കോളജ് ഭാഗത്തെ ഗതാഗതവും നിരോധിച്ചു. പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്നതിനായി രണ്ടു ദിവസം പൂർണമായും വെള്ളവിതരണം മുടങ്ങും. ഈ മാസം 17, 18 തീയതികളിൽ പ്രവൃത്തി നടത്താനാണ് നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.