മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 25 മുതൽ
text_fieldsrepresentational image
കോഴിക്കോട്: ചാലിപ്പുഴയുടെയും ഇരുവഴിഞ്ഞിയുടെയും ജലപ്പരപ്പിൽ സാഹസികതയുടെ ആവേശോജ്ജ്വല തുഴയെറിയുന്ന മലബാർ റിവർ ഫെസ്റ്റിവൽ വരവായി. മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷൻ ജില്ലയിലെ തുഷാരഗിരിയിൽ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി ജൂലൈ 25 മുതൽ നാല് ദിവസം നടക്കും.
ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിങ് പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്ന മുഖ്യലക്ഷ്യത്തോടെ നടത്തുന്ന ഫെസ്റ്റിവൽ, പ്രീ-ഇവന്റുകൾ ഉൾപ്പെടെ ഇത്തവണ വിപുലമായി എട്ട് ഗ്രാമപഞ്ചായത്തുകളിലും (കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപ്പാറ) മുക്കം മുനിസിപ്പാലിറ്റിയിലുമായാണ് നടക്കുക.
കോടഞ്ചേരിയിലെ പുലിക്കയത്തിനും തിരുവമ്പാടിയിലെ അരിപ്പാറക്കും പുറമെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മീൻതുള്ളിപാറയിലും (ഫ്ലാറ്റ് വാട്ടർ കയാക്കിങ്) കയാക്കിങ് അരങ്ങേറും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഡി.ടി.പി.സി, ജില്ല പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ പ്രഥമയോഗം ബുധനാഴ്ച ജില്ല കലക്ടറുടെ ചേംബറിൽ ചേർന്ന് സംഘാടകസമിതി രൂപവത്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.
ഈ വർഷം 20ൽ അധികം രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര റൈഡർമാരെയും നൂറിലധികം ദേശീയ കയാക്കർമാരെയുമാണ് പ്രതീക്ഷിക്കുന്നത്. എട്ട് രാഷ്ട്രങ്ങളിൽ നിന്നുള്ള 11 അന്താരാഷ്ട്ര കയാക്കർമാർ ഇതിനകം തന്നെ പങ്കാളിത്തം സ്ഥിരീകരിച്ചു.
ഇത്തവണ കൂടുതൽ പ്രീ-ഇവന്റുകൾ
കോഴിക്കോട്: റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം പതിവിൽ കൂടുതൽ പ്രീ-ഇവന്റുകൾ ഇത്തവണ സംഘടിപ്പിക്കും. വ്യത്യസ്ത തരത്തിലുള്ള സാഹസിക കായിക വിനോദങ്ങൾ ആയിരിക്കും എട്ട് ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലുമായി അരങ്ങേറുക.
ഫ്രിസ്ബീ, എംടിബി (മൗണ്ടൻ ബൈക്ക്), സൈക്കിൾ റാലി, വാട്ടർപോളോ, നീന്തൽ, ഓഫ് റോഡ് ദേശീയ ചാമ്പ്യൻഷിപ്, ഓഫ് റോഡ് സംസ്ഥാന ചാമ്പ്യൻഷിപ്, ചൂണ്ടയിടൽ, വള്ളംകളി, പർവതാരോഹണത്തിൽ പരിശീലനം, മഴനടത്തം, റഗ്ബി, മഡ് ഫുട്ബാൾ, ഓഫ് റോഡ് ജീപ്പ് സഫാരി, മോട്ടോർ സൈക്കിൾ റാലി, സൈക്കിൾ റാലി എന്നിവയാണ് പ്രധാന പ്രീ-ഇവന്ററുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

