സംഗീതത്തിന്റെ മധുമഴ ഇന്ന് അരങ്ങിലെത്തുന്നു
text_fieldsകോഴിക്കോട്: സാഹിത്യനഗരിക്ക് മറ്റൊരു തിലകച്ചാർത്തായി ‘മധുമയമായ് പാടാം സ്വന്തം MGയോടൊപ്പം’ മെഗാ സംഗീതപരിപാടി ഇന്ന് അരങ്ങിലെത്തുന്നു. മലയാളത്തിന്റെ സ്വന്തം ഗായകൻ എം.ജി. ശ്രീകുമാറിന്റെ സംഗീതയാത്രയുടെ 40 വർഷങ്ങൾ പൂർത്തിയാക്കുന്ന മുഹൂർത്തം ആഘോഷിക്കാനാണ് ‘മാധ്യമം’ വേദിയൊരുക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ആറരക്ക് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് മെഗാ സംഗീത ഉത്സവത്തിന് അരങ്ങുണരുന്നത്. ഗായകൻ എം.ജി. ശ്രീകുമാറിന്റെ സംഗീതജീവിതത്തിലെ അപൂർവ നിമിഷങ്ങൾ ധന്യമാക്കാൻ വൻ താരനിരയാണ് അരങ്ങിലെത്തുന്നത്.
വേറിട്ട ആലാപനശൈലികൊണ്ട് യുവാക്കളുടെ ഹരമായി മാറിയ വിധു പ്രതാപ്, ടെലിവിഷൻ ഷോയിലൂടെ രംഗത്തെത്തി മലയാള സംഗീതരംഗത്തെ രോമാഞ്ചമായി മാറിയ മൃദുല വാര്യർ, അവതരണ മികവിൽ പകരംവെക്കാനില്ലാത്ത താരം മിഥുൻ രമേഷ്, റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയ അക്ബർ ഖാൻ, ലിപിൻ, ജാസിം ജമാൽ, മിയ, മേധ മെഹർ, വ്യത്യസ്ത ഗാനാലാപനശൈലികൊണ്ട് ആസ്വാദക മനസ്സിൽ ഇടംനേടിയ അഞ്ജു ജോസഫ്, രേഷ്മ രാഘവേന്ദ്ര, വയലിനിൽ വിസ്മയം തീർക്കാൻ വേദമിത്ര തുടങ്ങി നിരവധി പേർ സംഗീതരാവിൽ ഒത്തുചേരും. www.madhyamam.com/mgshow എന്ന വെബ്സൈറ്റിലൂടെയും മാധ്യമം വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

