പുതുസംഗീതത്തിന്റെ കടലലകൾ
text_fieldsകോഴിക്കോട്: ന്യൂജൻ സംഗീതത്തിന്റെ കടൽക്കാറ്റുവീശിയ സന്ധ്യയിൽ കോഴിക്കോട് കടപ്പുറത്ത് മാവേലിക്കസ് ഓണാഘോഷം. മാധ്യമം ഒരുക്കിയ ‘ആൽമരത്തണലിൽ ഒരോണം’ പരിപാടിയാണ് അറബിക്കടലോരത്ത് തടിച്ചുകൂടിയ യുവതക്ക് ആവേശം പകർന്നത്. കണ്ണങ്കണ്ടിയാണ് പരിപാടിയുടെ പ്രധാന പ്രായോജകർ. ആൽമരം ബാൻഡിന്റെ യുവഗായകർ സദസ്സിനെ ഇളക്കിമറിച്ച് പുതുസംഗീതത്തിന്റെ കടലലകൾ തീർത്തു.
ശ്രീരാഗമോ, പൊലിക പൊലിക പൊലി പൊലിക, ഓമൽ കണ്മണി ഇതിലെ വാ തുടങ്ങി മലയാളിയുടെ മനസ്സിലെ പ്രിയ ഗാനങ്ങൾക്കൊപ്പം, ആൽമരത്തിന്റെ മാസ്റ്റർ പീസുകളും തമിഴ് ഹിന്ദി ഗാനങ്ങളും നാടൻപാട്ടുകളും പാടിയാണ് യുവതയുടെ പ്രിയപ്പെട്ട ബാൻഡ് വേദിയെ ഇളക്കിമറിച്ചത്. ഗാനങ്ങളുടെ തനിമ ചോരാതെ, സംഗീത പ്രേമികളുടെ മനസ്സ് കീഴടക്കി. ഒന്നൊന്നായ് കോർത്ത പാട്ടുകളിലൂടെ കലാലയങ്ങളിൽ ബെഞ്ചിൽ കൊട്ടിപ്പാടിയ പഴയകാല ഓർമകളിലേക്ക് സദസ്സിനെ കൊണ്ടുപോയി. ശബ്ദവും വെളിച്ചവും സംഗീത വീചികളിൽ നൃത്തമാടിയ രാവ്.
മാവേലിക്കസ് ഓണാഘോഷത്തിന്റെ ഭാഗമായി മാധ്യമം കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ ആൽമരം ബാൻഡിന്റെ ‘ആൽമരത്തണലിൽ ഒരോണം’ സംഗീത പരിപാടി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, കോഴിക്കോട് റീജനൽ മാനേജർ ടി.സി. റഷീദ് എന്നിവർ സമീപം
സംസ്ഥാന സർക്കാറിന്റെ ഓണാഘോഷം ‘മാവേലിക്കസ് 2025’ന്റെ ഭാഗമായാണ് കോഴിക്കോട് ബീച്ചില് മാധ്യമം സംഗീത പരിപാടിയൊരുക്കിയത്. ആൽമരം ബാൻഡിലെ കലാകാരന്മാരായ ജയ് ബെന്നി, പ്രത്യൂഷ് നീലാങ്ങൽ, ശ്രീജിഷ് സുബ്രഹ്മണ്യൻ, റോഹിൻ നെല്ലാട്ട്, ശ്രീഹരികുമാർ, ലിജു സ്കറിയ, ടി.കെ. അൻഷാദ്, സാരംഗ് രവിചന്ദ്രൻ, പ്രണവ് ജാനകി, എൻ. ശങ്കർ, ശെവഷ്ണവ എ.കെ. വിശ്വൻ എന്നിവരാണ് പാട്ടിന്റെ പുതുതാളം തീർത്തത്. ‘പൂമരം പൂത്തുലഞ്ഞേ’എന്ന ഗാനം കൊട്ടിപ്പാടിക്കൊണ്ട് സംഗീത പ്രേമികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന സംഗീത കൂട്ടായ്മയാണ് ‘ആൽമരം മ്യൂസിക് ബാൻഡ്’. പാലക്കാട് ചെമ്പൈ മ്യൂസിക് കോളജിലെ പൂർവ വിദ്യാർഥികളായ പതിനൊന്നോളം കലാകാരന്മാർ അടങ്ങുന്നതാണ് ഈ സംഗീത കൂട്ടായ്മ.
മാധ്യമത്തിന്റേത് മാതൃക മാധ്യമപ്രവർത്തനം -മന്ത്രി ശശീന്ദ്രൻ
കോഴിക്കോട്: ആൽമരത്തണലിൽ ഒരോണം പരിപാടി മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാധ്യമത്തിന്റേത് മാതൃക മാധ്യമ പ്രവർത്തനമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഓണാഘോഷത്തിന് സർക്കാർ ഒരാഴ്ചക്കാലം നീളുന്ന ഹൃദ്യമായ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്. സംഗീതം ലഹരിയായി കൊണ്ടു നടക്കുന്ന കോഴിക്കോട്ടെ പൗരാവലിക്ക് ‘ആൽമരത്തണലിൽ ഒരോണം എന്ന പരിപാടിയൊരുക്കിയ മാധ്യമത്തെ മന്ത്രി പ്രത്യേകം പ്രശംസിച്ചു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു.
‘ആൽമരത്തണലിൽ ഒരോണം’ സംഗീത പരിപാടിയുടെ വേദിയിൽമാധ്യമം നൽകുന്ന ഉപഹാരം സി.ഇ.ഒ പി.എം. സാലിഹ് കണ്ണങ്കണ്ടിമാനേജിങ് പാർട്ണർ സയീം അബ്ദുല്ലക്ക് സമ്മാനിക്കുന്നു
സർക്കാറുമായി സഹകരിച്ച് നാട്ടിലും മറുനാട്ടിലുമായി ഇത്തരം പരിപാടികൾ സംഘടിപ്പിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരുമയുടെ ഓണാഘോഷത്തിൽ സർക്കാറുമായി സഹകരിച്ച് മാധ്യമത്തിന് ഇത്തരമൊരു പരിപാടി നടത്താൻ സാധിച്ചതിൽ അദ്ദേഹം സന്തോഷമറിയിച്ചു. റീജനൽ മാനേജർ ടി.സി. റഷീദ്, കൺട്രി ഹെഡ് കെ. ജുനൈസ്, കണ്ണങ്കണ്ടി മാനജിങ് ഡയറക്ടർ പരീത് കണ്ണങ്കണ്ടി, മാനേജിങ് പാർട്ണർ സഈം അബ്ദുല്ല, മാവേലിക്കസ് പ്രതിനിധി ഇ. ഷംസുദ്ദീൻ, ജസ്റ്റ് പെയ്ഡ് മാനേജിങ് ഡയറക്ടർ നിഷാദ് അബൂബക്കർ, ചെയർമാൻ നിസാർ അബൂബക്കർ ഡി.ടി.പി.സി പ്രതിനിധി അശ്വിൻ ശ്രീവത്സൻ, ആസ്കോട്ട് ഹോട്ടൽ മാനേജിങ് ഡയറക്ടർ അബ്ദുല്ല കേളോത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

