പുതുവർഷ പ്രതീക്ഷയിൽ 2023ന് വിട
text_fieldsനിപ പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ട ആരോഗ്യ പ്രവർത്തകർ
കോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തോടെയായിരുന്നു കോഴിക്കോട് 2023നെ വരവേറ്റത്. യുനെസ്കോയുടെ സാഹിത്യനഗര പദവിയടക്കം നേട്ടങ്ങൾക്കൊപ്പം നഷ്ടങ്ങളുമേറെ കണ്ടു. മാമുക്കോയ, പി. വത്സല, വിളയിൽ ഫസീല, റംല ബീഗം, സിറിയക് ജോൺ തുടങ്ങി നിരവധി കോഴിക്കോട്ടുകാരുടെ വിടപറയലിന് സാക്ഷിയായി.
2023ലെ പ്രധാന സംഭവങ്ങളിലൂടെ
ജനുവരി
1. 61ാമത് സംസ്ഥാന കൗമാരമാമാങ്കത്തിന് കോഴിക്കോട് നഗരം ഒരുങ്ങി. വെസ്റ്റ്ഹിൽ വിക്രം മൈതാനി മുഖ്യവേദിയായാണ് ഒരുക്കങ്ങൾ ആരംഭിച്ചത്.
2. ദക്ഷിണമേഖല ഫുട്ബാൾ മത്സരത്തിൽ കാലിക്കറ്റ് ജേതാക്കളായി.
3. കലോത്സവത്തിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രജിസ്ട്രേഷന് തുടക്കംകുറിച്ചു. 24 വേദികളിലായി 14,000 മത്സരാർഥികൾ നഗരിയിലെത്തി.
ഒരു കോടി രൂപയുടെ തിമിംഗല ഛർദിയുമായി തൃശൂർ സ്വദേശി പിടിയിലായി.
7. കോഴിക്കോട് ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു. 1968 മുതൽ 2008 വരെ 50 വർഷക്കാലം കോഴിക്കോട് ഖാദിയായ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ പിന്തുടർച്ചക്കാരനായാണ് ഖാദി സ്ഥാനമേറ്റത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് സ്വർണകിരീടം. 21ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ പരിഭാഷപ്പെടുത്തി കോഴിക്കോടുമായി ആത്മബന്ധം പുലർത്തിയ മലയാള സാഹിത്യത്തിന്റെ പ്രിയ വിവർത്തകൻ റൊണാൾഡ് ഇ. ആഷർ നിര്യാതനായി. ബഷീറിന്റെ പ്രമുഖ കൃതികളും വിവിധ ദ്രാവിഡ ഭാഷകളിലെ സാഹിത്യകൃതികളും പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തിയ ആഷർ തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകനും കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എൻ. ഗോപാലകൃഷ്ണനുമായി ചേർന്നും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മിഠായിത്തെരുവിലെ കടയിൽനിന്ന് ഹലുവ രുചിക്കുന്നു
11. ചാത്തമംഗലത്ത് പക്ഷിപ്പനി മൂലം സർക്കാർ പ്രാദേശിക കോഴിവളർത്തുകേന്ദ്രത്തിൽ 1800 കോഴികൾ ചത്തു. ജില്ലയിൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കോഴികളെ കൊന്നൊടുക്കി.
14. നിക്ഷേപകരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ എനി ടൈം മണി തട്ടിപ്പിനെതിരെ പരാതിയുമായി നിരവധി നിക്ഷേപകർ.
20. നഗരത്തിൽ 600 വർഷത്തിലേറെ പഴക്കമുള്ള ചരിത്രശേഷിപ്പുകൾ കണ്ടെത്തി. കോഴിക്കോട് ദാവൂദ് ഭായ് കപ്പാസി റോഡിലെ പുരാതന കെട്ടിടത്തിൽനിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
24. കെ.എസ്.ആർ.ടി.സി കെട്ടിട ബലക്ഷയം സംബന്ധിച്ച് സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു.
ഫെബ്രുവരി
6. ഓപറേഷൻ ആഗിന്റെ ഭാഗമായി ജില്ലയിൽ 283 പേർ പിടിയിലായി. ഗുണ്ടകൾക്കും സാമൂഹിക വിരുദ്ധർക്കുമെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി.
8 . രാജ്യത്ത് ആദ്യമായി ട്രാൻസ് പങ്കാളികൾ മാതാപിതാക്കളായി. കോഴിക്കോട് ട്രാൻസ് പങ്കാളികളായ സിയ പവലും സഹദുമാണ് മാതാപിതാക്കളായത്.
മാധ്യമം സംഘടിപ്പിച്ച മധുമയമായ് പാടാം സംഗീതനിശയിൽ എം.ജി ശ്രീകുമാർ പാടുന്നു
10 . മുൻ എം.എൽ.എയും സി.പി.എം മുതിർന്ന നേതാവുമായ സി.പി. കുഞ്ഞ് അന്തരിച്ചു. കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദിന്റെ പിതാവാണ്.
11. മോഷണക്കുറ്റം ആരോപിച്ച ആദിവാസി യുവാവ് വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെഡി. കോളജ് ആശുപത്രി മാതൃ-ശിശു കേന്ദ്രത്തിൽ ഭാര്യ ബിന്ദുവിന്റെ പ്രസവത്തിന് കൂട്ടിരിപ്പിനെത്തിയ വിശ്വനാഥനെ സെക്യൂരിറ്റി ജീവനക്കാർ മോഷണക്കുറ്റം ചുമത്തി ചോദ്യം ചെയ്തതിനെത്തുടർന്ന് കാണാതായിരുന്നു. തുടർന്നാണ് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
16. ബീച്ച് ആശുപത്രിയിൽ ഇലക്ട്രിക് അമ്മത്തൊട്ടിലൊരുങ്ങി. നവജാത ശിശുക്കൾക്ക് പരിചരണത്തിനാണ് അമ്മത്തൊട്ടിൽ ഒരുക്കിയത്.
15. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ കൈയബദ്ധത്തെതുടർന്ന് വയറ്റിൽ അഞ്ചുവർഷത്തോളം കത്രിക കൊണ്ടുനടക്കേണ്ടിവന്ന ഹർഷിന നീതിക്കായി സമരത്തിനൊരുങ്ങി.
ഡോക്ടർമാരുടെ കൈയബദ്ധത്തെതുടർന്ന് വയറ്റിൽ കത്രിക കൊണ്ടുനടക്കേണ്ടിവന്ന ഹർഷിന നീതിക്കായി സമരത്തിനിടെ
മാർച്ച്
20. മെഡിക്കൽ കോളജ് ആശുപത്രിയിൽ വാർഡൻ ഐ.സി.യുവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു.
ഏപ്രിൽ
2. എലത്തൂരിൽ ട്രെയിനിൽ യാത്രക്കാരെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. മൂന്നുപേർ മരിച്ച നിലയിൽ.
19. കൊയിലാണ്ടിയിൽ ഐസ്ക്രീം കഴിച്ച ആറാം ക്ലാസ് വിദ്യാർഥി മരിച്ചു.
26. സിനിമാനടൻ മാമുക്കോയ അന്തരിച്ചു.
മേയ്
2. പ്രമുഖ അഭിഭാഷകൻ അഡ്വ. എം. അശോകൻ അന്തരിച്ചു.
18. ഹോട്ടലുടമയും തിരൂർ സ്വദേശിയുമായ സിദ്ദീഖിനെ ഹണിട്രാപ്പിൽ കുടുക്കി കൊലപ്പെടുത്തി. പ്രതികളെ മേയ് 26ന് പൊലീസ് അറസ്റ്റ് ചെയ്തു.
61ാമത് സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ ആഹ്ലാദത്തിനിടെ
ജൂലൈ
4. ശക്തമായ മഴയിൽ ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപെട്ട് കൊടിയത്തൂർ സ്വദേശി ഉസ്സൻ കുട്ടിയെ കാണാതായി. 15 ദിവസത്തോളം തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഇദ്ദേഹം മരിച്ചതായി കണക്കാക്കുകയായിരുന്നു.
10. തെരുവുനായെ പേടിച്ച് സ്കൂളുകൾക്ക് അവധി.
തെരുവുനായ് ശല്യത്തിൽ പുറത്തിറങ്ങാൻ ഭയന്ന് പേരാമ്പ്ര കൂത്താളിയിലും പരിസരപ്രദേശത്തും ജൂലൈ 10ന് ആറ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ആശങ്കയും ഒപ്പം കൗതുകവുമായി. നാലു പേരെ കടിച്ചുപരിക്കേൽപിച്ച നായെ പിടികൂടാൻ കഴിയാതിരുന്നതോടെ പഞ്ചായത്താണ് സ്കൂളുകൾക്ക് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവെച്ചു.
16. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വ്യാജ വിഡിയോ കാൾ ചെയ്ത് തട്ടിയ പണം സൈബർ പൊലീസ് തിരിച്ചുപിടിച്ചു. പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് വിഡിയോ കാളിലൂടെ ആന്ധ്ര സ്വദേശിയായ സുഹൃത്ത് എന്ന വ്യാജേന പണം തട്ടിയത്. സംസ്ഥാനത്തുതന്നെ റിപ്പോർട്ട് ചെയ് ആദ്യ എ.ഐ സാമ്പത്തിക തട്ടിപ്പായിരുന്നു ഇത്.
കോഴിക്കോട് മിഠായിത്തെരുവ്
25. പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണെന്ന് പൊലീസ് ഡി.എം.ഒക്ക് റിപ്പോർട്ട് നൽകി.
28. പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിൽനിന്ന് കോഴിക്കോട് കോർപറേഷൻ അക്കൗണ്ടിൽനിന്ന് പണം തട്ടിയ കേസ് സി.ബി.ഐക്ക് വിട്ടു ഹൈകോടതി. കോർപറേഷന്റേതുൾപ്പെടെ 17 അക്കൗണ്ടുകളിൽനിന്നായി 21.29 കോടി രൂപ തട്ടിയെന്നാണ് പരാതി.
29. മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് അന്യായമായി കൂട്ടംകൂടിയെന്ന കേസിൽ വാറന്റ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാവാതിരുന്ന ഗ്രോ വാസുവിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകൻ മുഖേന ജാമ്യത്തിന് ശ്രമിക്കാൻ തയാറാവാത്ത ഗ്രോ വാസുവിനെ കോടതി റിമാൻഡ് ചെയ്തു.
ആഗസ്റ്റ്
4 . കോഴിക്കോടിന്റെ പഴയകാല പ്രതാപങ്ങളിലൊന്നായ കിഡ്സൺ കെട്ടിടം പൂർണമായും പൊളിച്ചുനീക്കി. ഗതാഗതക്കുരുക്കേറിയ നഗരത്തിൽ പാർക്കിങ് പ്ലാസ നിർമിക്കുന്നതിനാണ് തകർച്ചാഭീഷണിയിലായ കെട്ടിടം പൊളിച്ചത്.
6 . മുക്കത്തെ പോക്സോ കേസിൽ വ്യവസായിയുമായി ജോർജ് എം. തോമസിന് അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന രേഖ പുറത്തുവിട്ടു. പണമിടപാട് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നത്. ആരോപണത്തെത്തുടർന്ന് മുൻ എം.എൽ.എയെ സി.പി.എമ്മിൽനിന്ന് പുറത്താക്കി.
9. വയറ്റിൽ കത്രിക കുടുങ്ങിയത് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെയാണെന്ന പൊലീസ് റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളി. ഇതിനെതിരെ 10ന് ഡി.എം.ഒ ഓഫിസ് ഉപരോധിച്ച് പരാതിക്കാരി ഹർഷിനയെ പൊലീസ് വലിച്ചിഴച്ച് നീക്കിയത് പ്രതിഷേധത്തിന് ഇടയാക്കി.
12. മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63കാരിയായ വിളയിൽ ഫസീലയുടെ മരണം ഹൃദയാഘാതം കാരണമായിരുന്നു.
സെപ്റ്റംബർ
1 . വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ 2017ൽ ഹർഷിനക്ക് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിചേർത്ത് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
11. കോഴിക്കോട്ട് വീണ്ടും നിപ സംശയം. സ്വകാര്യ ആശുപത്രിൽ മരിച്ച തിരുവള്ളൂർ സ്വദേശിക്കും ഒരാഴ്ച മുമ്പ് മരുതോങ്കരയിൽ മരിച്ചയാളുടെ ബന്ധുക്കൾക്കുമാണ് നിപ സംശയം ഉയർന്നത്.
12. മരിച്ച രണ്ടു പേരും ചികിത്സയിലുള്ള രണ്ടു പേർക്കുമായി നാലുപേർക്ക് നിപ സ്ഥിരീകരിച്ചു. തുടർന്ന് മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ടു പേർക്കുകൂടി നിപ സ്ഥിരീകരിച്ചു. ആധുനിക ബി.എസ്.എൽ ലെവൽ 3 വൈറോളജി ലാബിന്റെ അപര്യാപ്ത പരിഹരിക്കാൻ പുണെ വൈറോളജി ലാബിന്റെ മൊബൈൽ യൂനിറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തി.
29. മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പാറുവപ്പടിയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഒക്ടോബർ
8. കോർപറേഷൻ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം.
12 . പരിസ്ഥിതി പ്രവർത്തകൻ പ്രഫ. ശോഭീന്ദ്രൻ മാഷ് അന്തരിച്ചു.
13. വ്യവസായിയും ചലച്ചിത്രപ്രവർത്തകനുമായ പി.വി. ഗംഗാധരൻ അന്തരിച്ചു.
30. കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ചു. പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാണ് കോഴിക്കോട്.
നവംബർ
18. കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ചു ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച് കോട്ടയം, തൃശൂർ ജില്ലകളിലേക്ക് സ്ഥലംമാറ്റി.
22. എഴുത്തുകാരി പി. വത്സല അന്തരിച്ചു.
30. കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിൽ അതിജീവിതക്ക് അനുകൂല മൊഴി നൽകിയ സീനിയർ നഴ്സിനെ ഇടുക്കിയിലേക്ക് അടിയന്തരമായി സ്ഥലംമാറ്റി. തൊട്ടുപിന്നാലെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഇത് മരവിപ്പിച്ചു.
ഡിസംബർ
1. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സിറിയക് ജോൺ അന്തരിച്ചു.
4. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കം
17. കോഴിക്കോട് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു.
19 എസ്.എഫ്.ഐയുടെ ശക്തമായ പ്രതിഷേധത്തിനിടെ പൊലീസ് സംരക്ഷണം വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവർണർ നഗരം ചുറ്റിക്കാണാൻ കോഴിക്കോട്ടെത്തി. പ്രോട്ടോകോൾ ലംഘിച്ച് മുന്നറിയിപ്പില്ലാതെ എത്തിയ അദ്ദേഹം മിഠായിതെരുവിലൂടെ നടന്ന് കടകളിൽ കയറി ഹലുവ രുചിച്ച് മടങ്ങി.
28. മാധ്യമം മധുമയമായ് എം.ജി. ശ്രീകുമാറിന്റെ സംഗീതനിശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

