ലോക്സഭ തെരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്നുതുടങ്ങും
text_fieldsകോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകള്‍ വ്യാഴാഴ്ച മുതല്‍ നല്‍കാം. വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. കോഴിക്കോട് മണ്ഡലത്തിന്റെ വരണാധികാരി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഉപവരണാധികാരി സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്. മീണയുമാണ്. എ.ഡി.എം കെ. അജീഷാണ് വടകര മണ്ഡലത്തിന്റെ വരണാധികാരി.
ഉപവരണാധികാരി വടകര ആര്.ഡി.ഒ പി. അന്‍വര്‍ സാദത്ത്. കലക്ടറേറ്റില്‍ വെച്ചാണ് ഇരു മണ്ഡലങ്ങളിലേക്കുമുള്ള നാമനിർദേശ പത്രികകള്‍ സ്വീകരിക്കുക. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാലാണ്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പണം ഉണ്ടാവില്ല. സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
സംസ്ഥാന-ദേശീയ പാർട്ടികളുടെ മെച്ചം
അംഗീകൃത ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ ഒരാള്‍ മാത്രം പിന്തുണച്ചാല്‍ മതി. മറ്റു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും 10 വോട്ടര്‍മാരുടെ പിന്തുണ ഉണ്ടായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് പത്രിക വരെ നല്കാവുന്നതും രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കാവുന്നതുമാണ്. സ്ഥാനാര്‍ഥിക്ക് നേരിട്ടോ പിന്തുണക്കുന്നയാള്ക്കോ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്തുണക്കുന്നയാള്‍ സ്ഥാനാര്‍ഥി മത്സരിക്കുന്ന പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടറായിരിക്കണം.
സ്ഥാനാർഥിയുടെ സാക്ഷ്യപത്രം വരണാധികാരി പ്രസിദ്ധീകരിക്കും
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരം പത്രിക സമർപ്പിക്കുമ്പോൾ വെളിപ്പെടുത്തണം. ഫോറം 26 ലുള്ള സത്യവാങ്മൂലം മുദ്രപത്രത്തില്‍ തയാറാക്കി നോട്ടറി അല്ലെങ്കില്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തി നല്‍കണം. സാക്ഷ്യപത്രത്തില്‍ സ്ഥാനാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത, സ്വത്ത് വിവരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം, രാഷ്ട്രീയ കക്ഷി ബന്ധം എന്നിവയും വെളിപ്പെടുത്തണം. ഇത്തരത്തില്‍ സ്ഥാനാര്‍ഥി സമര്‍പ്പിക്കുന്ന സാക്ഷ്യപത്രം പൊതുജനങ്ങളുടെ അറിവിലേക്കായി വരണാധികാരി പ്രസിദ്ധീകരിക്കും. പത്രിക സമര്‍പ്പിക്കുമ്പോള്‍ 25,000 രൂപ ചലാനായോ പണമായോ കെട്ടിവെക്കണം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന സാഹചര്യത്തില്‍ 12,500 രൂപ കെട്ടിവെച്ചാല്‍ മതി.
സത്യപ്രതിജ്ഞ
പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ഥികള്‍ നിശ്ചിത മാതൃകയിലുള്ള സത്യപ്രതിജ്ഞ വരണാധികാരി മുമ്പാകെ എടുക്കണം. വരണാധികാരി മുമ്പാകെ ഹാജരാകാന്‍ സാധിക്കാത്ത പക്ഷം ബന്ധപ്പെട്ട അംഗീകൃത അധികാരികള്‍ മുമ്പാകെ സത്യപ്രതിജ്ഞ എടുക്കണം.സ്ഥാനാര്‍ഥി മത്സരിക്കുന്ന മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത വ്യക്തിയാണെങ്കില്‍ ഏത് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലാണോ ഉള്ളത് ആയതിന്റെ പകര്‍പ്പ് പത്രികയോടൊപ്പം സമര്‍പ്പിക്കണം. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ സെക്രട്ടറി നല്കുന്ന ഫോറം എ, ഫോറം ബി എന്നിവ പത്രികയോടൊപ്പം സമര്‍പ്പിക്കണം. സ്ഥാനാര്‍ഥികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ, സര്‍ക്കാര്‍ വേതനം കൈപ്പറ്റുന്നവരോ, സര്‍ക്കാറുമായി ഏതെങ്കിലും കരാറില്‍ ഏര്‍പ്പെട്ടവരോ, ഇലക്ഷന് കമീഷന് അയോഗ്യരാക്കിയവരോ, മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചവരോ ആകരുത്.
ബാങ്ക് അക്കൗണ്ട് എടുക്കണം
പത്രിക സമര്‍പ്പണത്തിന് മുമ്പായി സ്ഥാനാര്‍ഥി സ്വന്തം പേരിലോ സ്ഥാനാര്‍ഥിയുടെയും ഏജന്റിന്റെയും കൂട്ടായ പേരിലോ ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. തുടര്‍ന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വരുന്ന എല്ലാ പണമിടപാടുകള്‍ക്കും ഈ അക്കൗണ്ടാണ് ഉപയോഗിക്കേണ്ടത്.
ആപ് വഴിയും പത്രിക സമര്‍പ്പിക്കാം
നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും സമര്‍പ്പിക്കുന്നതിനും പൊതുപരിപാടികള്‍, റാലികള്‍ മറ്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എന്നിവക്കുള്ള അനുമതി തേടുന്നതിനുമായി കമീഷന്റെ സുവിധ ആപ്ലിക്കേഷനോ suvidha.eci.gov.in എന്ന വെബ്സൈറ്റോ ഉപയോഗപ്പെടുത്താം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് എന്നിവയില്‍ സുവിധ ആപ് ലഭ്യമാണ്. സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ് എന്നിവര്‍ക്ക് സുവിധയിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുക ഓണ്‍ലൈനായി അടക്കാനുള്ള സംവിധാനവുമുണ്ട്. ലോഗിന്‍ ചെയ്ത് സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ നാമനിര്‍ദേശത്തിന്റെ സ്ഥിതി പരിശോധിക്കാനാകും. സ്ഥാനാര്‍ഥിത്വത്തിനുള്ള അനുമതി ലഭിച്ചതിനുശേഷം സ്ഥാനാര്‍ഥികള്‍ നേരിട്ട് ഹാജരായി ഓണ്‍ലൈനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ പ്രിന്റ് റിട്ടേണിങ് ഓഫിസര്‍ മുമ്പാകെ സമര്‍പ്പിച്ചാല്‍ മതിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

