സൗത്തിന് പ്രിയപ്പെട്ടവരുടെ നേരങ്കം
text_fieldsകോഴിക്കോട്: സി.പി.എം സ്ഥാനാർഥി എളമരം കരീമിനെ ഒരുതവണ ജയിപ്പിക്കുകയും അടുത്ത തവണ തോൽപിക്കുകയും ചെയ്തവരാണ് കോഴിക്കോട് സൗത്തുകാർ. 1996ൽ ലീഗ് വനിതാ നേതാവ് ഖമറുന്നിസ അൻവറിനെ എളമരം കരീം 8,766 വോട്ടിനാണ് തോൽപിച്ചത്. എന്നാൽ, 2001ൽ കരീമിന് തോൽവിയറിയേണ്ടി വന്നു. 787 വോട്ടിനാണ് കരീം ലീഗിലെ ടി.പി.എം. സാഹിറിനോട് തോറ്റത്. നാട്ടുകാർക്കൊപ്പം പ്രശ്നങ്ങളിൽ അണിനിരക്കുന്ന സുപരിചിത നേതാവായി മാറിയ എളമരം കരീമും അവരുടെ എല്ലാ കാര്യങ്ങൾക്കും പാഞ്ഞെത്തുന്ന എം.പിയായി മാറിയ എം.കെ. രാഘവനും മത്സരിക്കുമ്പോൾ തങ്ങൾക്കാണ് നേട്ടമുണ്ടാവുകയെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നു.
കോഴിക്കോട് സൗത്തിന്റെ ഭാഗമായ പഴയ കോഴിക്കോട് ഒന്നാം മണ്ഡലത്തിൽ 1957ൽ സ്വതന്ത്ര സ്ഥാനാർഥി ഇ. ജനാർദനനെ 7,375 വോട്ടിന് തോൽപിച്ച് പി. കുമാരനാണ് ആദ്യ എം.എൽ.എയായത്. അന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടെങ്കിൽ ഇന്ന് കോഴിക്കോട് സൗത്ത് എം.എൽ.എ ഇടതുപക്ഷക്കാരനാണ്. കോഴിക്കോട് സൗത്തിൽ ജയിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്ന സ്ഥിതി 30 കൊല്ലത്തോളം നിലനിന്നിരുന്നു. ഭരണകക്ഷിയുടെ എം.എൽ.എയെ മാത്രം ജയിപ്പിച്ചിരുന്ന കോഴിക്കോട് സൗത്ത് പക്ഷേ 2014ൽ സ്വഭാവം മാറ്റി. ചരിത്രം മാറ്റിയെഴുതിയത് ഡോ. എം.കെ. മുനീറിന്റെ വിജയമായിരുന്നു. മുസ്ലിം ലീഗിന് ജില്ലയിൽ ആശ്വാസത്തണലേകിയ ജയം. നല്ല കോഴിക്കോട്ടുകാരൻ എന്ന മുദ്രാവാക്യങ്ങളുയർത്തി പ്രചാരണം നടത്തിയ ജില്ലയുടെ അന്നത്തെ ഏക മന്ത്രിയായിരുന്ന മുനീറിനെതന്നെ സൗത്തുകാർ ജയിപ്പിച്ചു. ഐ.എൻ.എൽ നേതാവ് എ.പി. അബ്ദുൽ വഹാബിനെയാണ് മുനീർ തോൽപിച്ചത്.
സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗ് വിരുദ്ധരായി ഇറങ്ങുന്നവരുടെ സ്ഥിരം മണ്ഡലം കൂടിയാണിത്. അവരെയൊക്കെ തുണക്കാനും തെക്കേ മണ്ഡലക്കാർക്ക് മടിയില്ല. മുസ്ലിം ലീഗും അഖിലേന്ത്യാ ലീഗും ഇന്ത്യൻ നാഷനൽ ലീഗുമെല്ലാമായിരുന്ന മുൻമന്ത്രി പി.എം. അബൂബക്കറിനെ അഞ്ചുതവണ ജയിപ്പിച്ച മണ്ഡലം. 1965ൽ മുസ്ലിം ലീഗ് സ്വതന്ത്രനായ പി.എം. അബൂബക്കർ കെ.പി. രാമുണ്ണി മേനോനെ 8,904 വോട്ടിനാണ് തോൽപിച്ചത്. സി.പി.എം പിന്തുണയോടെയായിരുന്നു ജയം. 1967ൽ സപ്തകക്ഷി മുന്നണി സ്ഥാനാർഥിയായായിരുന്നു പി.എമ്മിന്റെ രണ്ടാം വരവ്. കോൺഗ്രസിലെ പി. സുബൈറിനെ തോൽപിച്ചത് 10,556 വോട്ടിന്. 1970ൽ കൽപള്ളി മാധവമേനോൻ 3,143 വോട്ടിന് അബൂബക്കറിനെ തോൽപിച്ചു. 1977ലും 1980ലും 1982ലും പി.എം. അബൂബക്കർ അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ എം.എൽ.എയായി. 1977ൽ ലീഗിലെ എസ്.വി. ഉസ്മാൻ കോയയെ 1,098 വോട്ടിനും 1980ൽ ജനതാപാർട്ടിയുടെ സി.കെ. നാണുവിനെ 5,229 വോട്ടിനും 1982ൽ കോൺഗ്രസിലെ എൻ.പി. മൊയ്തീനെ 5,954 വോട്ടിനുമാണ് പി.എം. അബൂബക്കർ തോൽപിച്ചത്.
1987ൽ സി.പി.എമ്മിന്റെ സി.പി. കുഞ്ഞു 2,277 വോട്ടിന് ലീഗിലെ കെ.കെ. മുഹമ്മദിനെ തോൽപിച്ചു. എന്നാൽ, 1991ൽ കുഞ്ഞുവിനെ 3,883 വോട്ടിന് തോൽപിച്ച് എം.കെ. മുനീർ മണ്ഡലം തിരിച്ചുപിടിച്ചു. 2006ൽ സിറ്റിങ് എം.എൽ.എ സാഹിറിനെതിരെ ഐ.എൻ.എൽ കുപ്പായമിട്ട് വന്ന പി.എം.എ. സലാമിനായിരുന്നു ജയം. 14093 വോട്ടിന്റെ ഭൂരിപക്ഷം. അഞ്ച് കൊല്ലം തീരുമ്പോഴേക്ക് സലാം ലീഗിൽ തിരിച്ചെത്തി. 91ൽ എം.എൽ.എയായിരുന്ന സി.പി. കുഞ്ഞുവിനെ തോൽപിച്ച എം.കെ. മുനീറിനെ തളക്കാൻ കുഞ്ഞുവിന്റെ മകനും ഇപ്പോഴത്തെ ഡെപ്യൂട്ടി മേയറുമായ സി.പി. മുസാഫർ അഹമ്മദ് അങ്കക്കളത്തിലിറങ്ങിയെങ്കിലും മുനീർ 1376 വോട്ടിന് മണ്ഡലം തിരിച്ച് പിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

