കള്ളനാണെന്ന് കരുതി നാട്ടുകാർ പിടികൂടി; ഒടുവിൽ സുരക്ഷിതമായി വീട്ടിലെത്തിച്ചു
text_fieldsഅഹമ്മദ് കോയ (നടുവിൽ) പൊതുപ്രവർത്തകർക്കൊപ്പം
ആലങ്ങാട്: താളം തെറ്റിയ മനസ്സുമായി വീട് തേടിനടന്ന കോഴിക്കോട് പെരുമാൾകണ്ടി പുതിയങ്ങാടി സ്വദേശി അഹമ്മദ്കോയയെ നാടകീയ സംഭവങ്ങൾക്ക് ശേഷം മകനെ വിളിച്ചുവരുത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച് യുവാക്കൾ. മീൻപിടിക്കാൻ ബോട്ടിൽ പുറംകടലിൽ പോയ കോയ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റും കോളും കൊണ്ട് ആടിയുലഞ്ഞ ബോട്ടിൽ വീണു പരിക്കേറ്റ ശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും പരിഭ്രാന്തനാകുകയും ചെയ്തു. വീട്ടിൽ പോകണമെന്ന് നിർബന്ധം പിടിച്ചപ്പോൾ സഹപ്രവർത്തകർ മറ്റൊരു ബോട്ടിൽ കയറ്റി കരയിലേക്ക് വിടുകയായിരുന്നു. കൊല്ലം തീരത്ത് എത്തിയ ശേഷം ട്രെയിനിൽ നാട്ടിലേക്കുള്ള യാത്രാമധ്യേ വഴിതെറ്റി ആലുവയിൽ ഇറങ്ങി.
വീട് തേടി അലഞ്ഞ ഇയാളെ ആലങ്ങാട് കരിങ്ങാംതുരുത്ത് ഭാഗത്ത് അസമയത്ത് കണ്ടെത്തി. സമീപത്തെ വീട്ടുകാരെ കോയ കമ്പിപ്പാരയുമായി ആക്രമിക്കാനൊരുങ്ങി. കള്ളനാണെന്ന് ധരിച്ച് നാട്ടുകാർ ചേർന്ന് കായികമായി കീഴ്പെടുത്തി കെട്ടിയിട്ടശേഷം പൊലീസിന് കൈമാറി. പൊതുപ്രവർത്തകനും വെൽഫെയർ പാർട്ടി നേതാവുമായ എൻ.എ. സിറാജുദ്ദീന്റെ സമയോചിത ഇടപെടൽ കാരണമാണ് കോയക്ക് മോചനത്തിന് വഴിതെളിഞ്ഞത്.
ഒരു പകൽ മുഴുവൻ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ നാട്ടിൽ നിന്നെത്തിയ മകന്റെ കൂടെ കോയയെ ആലുവയിൽനിന്ന് നേത്രാവതി എക്സ്പ്രസിൽ കയറ്റി നാട്ടിലേക്ക് യാത്രയാക്കി.
സംഭവം ഭംഗിയായി അവസാനിച്ചതിന്റെ സന്തോഷത്തിലാണ് പൊതുപ്രവർത്തകരായ മുൻ പഞ്ചായത്ത് അംഗം നിഷാദ് ദേവസി, നിസാർ, അബ്ബാസ്, കുമാർ, ഷിബു എന്നിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

