കളിസ്ഥലം ഇല്ലാതാകുമെന്ന ആശങ്കയിൽ പ്രദേശവാസികൾ
text_fieldsവാണിമേൽ പുഴയിൽ കിണമ്പ്രക്കുന്നിന് താഴെ വിവാദമായ ആഴംകൂട്ടൽ പ്രവൃത്തി
നാദാപുരം: രണ്ടര ഏക്കർ ഭൂമിയിൽ കളിസ്ഥലം നിർമിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പഞ്ചായത്തും നാട്ടുകാരും വെട്ടിൽ. പുറമ്പോക്കാണോ പുഴഭൂമിയാണോ കൈയേറ്റഭൂമിയാണോ എന്ന വിവാദത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിയതോടെ കിണമ്പ്രക്കുന്നിന് താഴെയുള്ള വിശാല മൈതാന നിർമാണ സ്വപ്നവും ത്രിശങ്കുവിലായി. പുഴ കൈയേറിയെന്ന് ആരോപിച്ച് വിവരാവകാശ പ്രവർത്തകൻ നൽകിയ പരാതിയോടെയാണ് വിവാദങ്ങളുടെ തുടക്കം.
മയ്യഴിപ്പുഴയുടെ ഭാഗമായ വാണിമേൽ പുഴയുടെ കിണമ്പ്രക്കുന്നിന് താഴെ വർഷകാലത്ത് വെള്ളപ്പൊക്കം പതിവായിരുന്നു. എക്കലും മറ്റും അടിഞ്ഞുകൂടി പുഴയുടെ ആഴം കുറഞ്ഞതിനാൽ മലവെള്ളം സമീപത്തെ തോടുകളിലേക്ക് അടിച്ചുകയറി ചിയ്യൂർ-വാണിമേൽ റോഡിലും പരിസരങ്ങളിലും വെള്ളം കയറുകയും ചെയ്യും. ഇതേതുടർന്ന് നാട്ടുകാർ ചേർന്ന് പുഴയിലെ തടസ്സങ്ങൾ നീക്കാനും വെള്ളപ്പൊക്കത്തിൽ കരയെടുത്ത ഭാഗം മണ്ണിട്ട് നികത്താനും ആരംഭിക്കുകയായിരുന്നു.
ഇതിനിടയിൽ ഗ്രാമപഞ്ചായത്തും ജില്ല പഞ്ചായത്തും ഇവിടെ കളിസ്ഥലം നിർമിക്കാനും ഫണ്ട് അനുവദിച്ചു. ജനകീയനിർമാണ പ്രവർത്തനം ആരംഭിച്ചതോടെയാണ് വിവാദങ്ങളും ഉടലെടുത്തത്.
മണ്ണ് മാറ്റി പുഴയുടെ ആഴം കൂട്ടുകയും ചിയ്യൂർ ഭാഗത്തുനിന്ന് വരുന്ന തോടിലെ ഒഴുക്ക് സുഗമാക്കുന്ന പ്രവർത്തനം മാത്രമാണ് ചെയ്തതെന്നാണ് നിർമാണത്തിന് നേതൃത്വ നൽകിയവരും പഞ്ചായത്ത് അധികൃതരും പറയുന്നത്. മാത്രമല്ല പഞ്ചായത്തിന്റെ പുറമ്പോക്ക് ഭൂമിയിൽപെട്ട സ്ഥലമാണിതെന്നാണ് പഞ്ചായത്തധികൃതരുടെ വാദം. യു.ഡി.എഫ് ഒഴിച്ചുള്ള എല്ലാ സംഘടനകളും കളിസ്ഥലനിർമാണം ഭൂമി കൈയേറ്റമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ല പഞ്ചായത്ത് അനുവദിച്ച ഫണ്ടും പിൻവലിച്ചിരിക്കുകയാണ്.
റവന്യൂ അധികൃതരും ഇറിഗേഷൻ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചെങ്കിലും വ്യക്തമായ നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. പുഴയോട് ചേർന്ന വിഷ്ണുമംഗലം ബണ്ടിന് സമീപം രണ്ടുകോടി രൂപ ചെലവിട്ട് കഴിഞ്ഞ വർഷം പുഴയിലെ മണൽതിട്ടകൾ മാറ്റി നീരൊഴുക്കിനുള്ള തടസ്സം നീക്കിയിരുന്നു. എന്നാൽ, അന്നൊന്നും ഉയരാത്ത പ്രതിഷേധമുയർത്തി നാട്ടുകാർക്കും ഗവ. കോളജിലെ വിദ്യാർഥികൾക്കുമടക്കം ഉപയോഗിക്കാൻ കഴിയുന്ന വിശാലമായ കളിക്കളം വരുന്നതിനെ എതിർക്കുന്നതെന്തിനെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
മാത്രമല്ല പുഴ കൈയേറിയത് ആരെന്നും പുഴയിലെ മണ്ണ് പുഴയിൽതന്നെ മാറ്റി നിക്ഷേപിച്ചാൽ കൈയേറ്റമാകുന്നത് എങ്ങനെയെന്നും നാട്ടുകാർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

