തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് പൂർത്തിയായി
text_fieldsതദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് കൊടുവള്ളി ഹയർസെക്കൻഡറി സ്കൂളിൽ വരണാധികാരിയുടെ സാന്നിധ്യത്തിൽ നടത്തുന്നു
കൊടുവള്ളി: തദ്ദേശ തെരഞ്ഞെടുപ്പിന് കൊടുവള്ളി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെയും നഗരസഭയിലെയും വോട്ടുയന്ത്രങ്ങളിലെ സ്ഥാനാർഥി ക്രമീകരണം പൂർത്തിയായി. വരണാധികാരികളുടെ മേൽനോട്ടത്തിലും സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലുമാണ് വോട്ടുയന്ത്രത്തിൽ ബാലറ്റ് പേപ്പർ ക്രമീകരിച്ചത്.
ആദ്യഘട്ട പരിശോധനക്കുശേഷം പ്രവർത്തനസജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം) അതത് റിട്ടേണിങ് ഓഫിസർമാർക്ക് കൈമാറി.കൊടുവള്ളി നഗരസഭയിലെ വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിലും മടവൂർ, നരിക്കുനി, കിഴക്കോത്ത് താമരശ്ശേരി ഉൾപ്പെടെ ഗ്രാമപഞ്ചായത്തുകളുടെ വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് കെ.എം.ഒ ഹൈസ്കൂളിലുമാണ് നടന്നത്.
രണ്ടാംഘട്ട പരിശോധന പൂർത്തിയാക്കി സ്ഥാനാർഥി ക്രമീകരണം കഴിഞ്ഞശേഷം മെഷീനുകൾ വിതരണ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. വോട്ടെടുപ്പിന്റെ തലേദിവസമായ ബുധനാഴ്ച രാവിലെ മുതൽ പോളിങ് ഉദ്യോഗസ്ഥർക്ക് മറ്റു പോളിങ് സാമഗ്രികൾക്കൊപ്പം ഇവ വിതരണം ചെയ്യും.വോട്ടിങ് കമ്പാർട്ട്മെന്റിൽ വെച്ച മൂന്നു ബാലറ്റ് യൂനിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചത്. നഗരസഭകളിൽ ഒരു കൺട്രോൾ യൂനിറ്റും ഒരു ബാലറ്റ് യൂനിറ്റുമാണ് ഉപയോഗിക്കുക.
പൊതുതെരഞ്ഞെടുപ്പിന് മൾട്ടി പോസ്റ്റ് ഇ.വി.എമ്മാണ് ഉപയോഗിക്കുന്നന്നത്. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇ.വി.എമ്മിന് ഒരു കൺട്രോൾ യൂനിറ്റും മൂന്ന് ബാലറ്റ് യൂനിറ്റുകളുമുണ്ടായിരിക്കും.
ഇ.വി.എം മെഷീനുകൾക്ക് സാങ്കേതിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ റിസർവ് ഇ.വി.എമ്മുകളും സജ്ജമാണ്. 25 ശതമാനം റിസർവ് ഇ.വി.എം റിട്ടേണിങ് ഓഫിസർമാരുടെ അധീനതയിൽ സൂക്ഷിക്കും.വോട്ടിങ് മെഷീനുകൾ സൂക്ഷിക്കുന്നിടങ്ങളിൽ പൊലീസ് കനത്തസുരക്ഷ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

