മരിച്ചവർ പട്ടികയിൽ; ജീവിച്ചിരിക്കുന്നവർ വോട്ടില്ലാതെ മടങ്ങി
text_fieldsതോപ്പയിൽ വാർഡിലെ യു.ഡി.എഫ് പ്രവർത്തകൻ കുഞ്ഞിക്കോയ മരിച്ചുപോയ തന്റെ ഉമ്മയുടെ വോട്ട് വോട്ടർ ലിസ്റ്റിൽ കാണിക്കുന്നു
കോഴിക്കോട്: മൂന്നുവർഷം മുമ്പ് മരിച്ച ഉമ്മയുടെ പേര് വോട്ടർ പട്ടികയിലുണ്ട്, തനിക്ക് വോട്ടില്ലെന്ന് പറഞ്ഞ് സങ്കടപ്പെടുകയാണ് കോൺഗ്രസ് പ്രവർത്തകനായ കുഞ്ഞിക്കോയ.
തോപ്പയിൽ വാർഡിൽ ഹെൽപ് ഡെസ്കിലിരുന്ന് സങ്കടം പറയുകയാണിയാൾ. ഓരോ വാർഡിലും വോട്ടില്ലാതെ നിരാശരായി മടങ്ങുന്ന നിരവധി പേരെ കാണാനായി. നിരവധി വോട്ടർമാർ സമാനമായ അവസ്ഥയിൽ പോളിങ് ബൂത്തിനടുത്തെത്തി തിരിച്ചുപോവുന്ന അവസ്ഥയായിരുന്നു കോഴിക്കോട് കോർപറേഷനിലെ വാർഡുകളിൽ കാണാനായത്.
കരട് പട്ടികയിൽ പേരുണ്ടായിരുന്ന വോട്ടർമാർ അന്തിമ പട്ടികയിൽ പുറത്തായതായി പരാതി ഉയർന്നു. ഹെൽപ് ഡസ്കിലെത്തുമ്പോഴാണ് വോട്ടർപട്ടികയിൽ പേരില്ലെന്ന് അറിയുന്നത്. ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ പരാതി കേട്ടത് ഇടതുമുന്നണിക്കെതിരെയായിരുന്നു. നേരത്തെ വാർഡിൽ നിന്ന് താമസം മാറിപ്പോയ വോട്ടർമാർക്ക് പാർട്ടി നോക്കി പട്ടികയിൽ വോട്ട് ഉൾപെടുത്തിയതായി കണ്ടെത്തി. അതേ സമയം അജ്ഞാത വോട്ടർമാരും പട്ടികയിൽ ഇടം പിടിച്ചിരുന്നു. കോഴിക്കോട്ടെ ഒരു മുൻ ഡെപ്യൂട്ടി മേയറുടെ ആറ് വർഷം മുമ്പ് മരിച്ചു പോയ ഭാര്യയുടെ പേര് പട്ടികയിൽ കണ്ടെത്തി. താമസകേന്ദ്രത്തിൽ നിന്ന് വളരെ അകലെയുള്ള ബൂത്തിലേക്ക് ഇവരുടെ വോട്ട് മാറ്റിയതായത് കള്ളവോട്ടിനവേണ്ടിയാണെന്ന് ആരോപണമുയർന്നു. വാർഡ് പുനർവിഭജനത്തെ തുടർന്ന് ഒരേ വീട്ടിലെ വോട്ടർമാർ പല ബുത്തുകളിലായി വോട്ട് ചെയ്യേണ്ട അവസ്ഥയുമുണ്ടായി. വോട്ടർമാർക്ക് സ്ലിപ് നൽകാനാവാതെ രാഷ്ട്രീയ പ്രവർത്തകർ കുഴയുന്ന അവസ്ഥയായിരുന്നു എങ്ങും.
അടുത്തടുത്ത ബുത്തുകളിൽ വോട്ടർമാരുടെ എണ്ണത്തിൽ വൻ അന്തരമുള്ളതും പ്രതിസന്ധിയായി. ചില ബൂത്തുകളിൽ 600 വോട്ടുള്ളപ്പോൾ തൊട്ടടുത്ത ബൂത്തിൽ 1200 ഓളം വോട്ട്. പോളിങ് പ്രക്രിയയെ ഇത് പ്രതിസന്ധിയിലാക്കി. സംസ്ഥാന ഇലക്ഷൻ കമീഷന്റെ വോട്ടർപട്ടിക അബദ്ധ പഞ്ചാങ്കമാണെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി നേതാവ് കെ. മൊയ്തീൻ കോയ പ്രതികരിച്ചു.
2010 ലെ വോട്ടർ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പട്ടിക. അതിൽ ഏകപക്ഷീയമായി വോട്ട് തള്ളിക്കലും കുട്ടിച്ചേർക്കലും നടന്നതായി അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

