ഇറക്കുമതിക്കാരൻ വീട്ടുകാരനായ കഥ
text_fieldsകോഴിക്കോട്: ഇറക്കുമതിക്കാരൻ എന്ന ആക്ഷേപത്തിൽനിന്ന് വീട്ടുകാരന്റെ പരിവേഷത്തിലേക്കുയർന്ന് മുന്നണിയെ വരെ ഞെട്ടിച്ച കഥയാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുകൊഴുക്കുമ്പോൾ മുൻ കൗൺസിലർ പി. മമ്മദ് കോയ എന്ന മമ്മയുടെ മനസ്സിൽ പാറുന്നത്. കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്ന് ഡി.സി.സി സെക്രട്ടറി പദവി വരെ എത്തിയെങ്കിലും മത്സരിച്ചതും ജയിച്ചതും എൽ.ഡി.എഫിൽനിന്നാണെന്ന പ്രത്യേകതയുമുണ്ട് മമ്മക്ക്. ലീഡർ കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപവത്കരിച്ചപ്പോൾ മമ്മയും കൂടെക്കൂടി.
കെ. മുരളീധരന്റെ നിർദേശ പ്രകാരം 2005ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപറേഷനിൽ പുതിയറ വാർഡിൽനിന്ന് എൽ.ഡി.എഫിൽ ഡി.ഐ.സി സ്ഥാനാർഥിയായി. ഇറക്കുമതി സ്ഥാനാർഥിയാണ് എന്നായിരുന്നു കുറ്റിച്ചിറക്കാരനായ മമ്മക്കെതിരായ പ്രചാരണം. തീരദേശക്കാരെ അംഗീകരിക്കാൻ നഗരത്തിന്റെ കിഴക്കൻ മേഖല കാണിക്കുന്ന വിമുഖതയും മുന്നണിയിൽ ചർച്ചയായി.
ഇതോടെ എട്ടിൽ പൊട്ടുമെന്ന് എൽ.ഡി.എഫും യു.ഡി.എഫും അടക്കം പറഞ്ഞു. മാത്രമല്ല, ഡി.വൈ.എഫ്.ഐ നേതാവ് സുരേഷ് ബാബു എൽ.ഡി.എഫ് വിമതനായി മത്സരരംഗത്തെത്തി. എന്നാൽ, പ്രചാരണത്തിനായി ഗൃഹസന്ദർശനം ആരംഭിച്ചതോടെ എൽ.ഡി.എഫുകാർ പോലും അന്തംവിട്ടുനിന്നു. പോവുന്ന വീടുകളിലെല്ലാം മമ്മക്ക് പരിചയക്കാർ. അഞ്ച് മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മോഡൽ സ്കൂൾ, ഹിമായത്ത്, സെന്റ് ആന്റണീസ്, സെന്റ് ജോസഫ്സ് സ്കൂളുകളിൽ പി.ടി.എ പ്രസിഡന്റായിരുന്നപ്പോൾ ഉണ്ടാക്കിയ സൗഹൃദങ്ങളായിരുന്നു മിക്ക വീടുകളിലും.
ഇതോടെ പ്രചാരണത്തിന് ആവേശംകൂടി. കൗൺസിലിൽ എത്തിയെന്നു മാത്രമല്ല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. ഡി.ഐ.സി വിട്ട് ലീഡർക്കൊപ്പം വീണ്ടും കോൺഗ്രസിൽ ചേക്കേറിയ മമ്മ ഇപ്പോൾ ഡി.സി.സി സെക്രട്ടറിമാരിൽ ഒരാളാണ്. മുൻ എൽ.ഡി.എഫ് കൗൺസിലറായ ഈ 74കാരൻ ഇന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

