സാഹിത്യ നഗരം കിലയും കോർപറേഷനും ധാരണപത്രത്തിൽ ഒപ്പുവെച്ചു
text_fieldsയുനസ്കോ സാഹിത്യ നഗരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ധാരണപത്രത്തില്‍ ഒപ്പുവെച്ചശേഷം കില ഡയറക്ടര്‍ ജനറല്‍ എന്‍. ദേവിദാസും കോര്പറേഷന് സെക്രട്ടറി ഡി. സജുവും മേയര്‍ ഒ. സദാശിവന് കൈമാറുന്നു
കോഴിക്കോട്: സാഹിത്യനഗരിയായ കോഴിക്കോടിനെ അന്തർദേശീയ തലത്തിലേക്ക് ഉയർത്താനുള്ള നീക്കത്തിന്റെ ഭാഗമായി കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്) യും കോഴിക്കോട് കോർപറേഷനും ധാരണപത്രത്തിൽ ഒപ്പുവെച്ചു. കില ഡയറക്ടര്‍ ജനറല്‍ എന്‍. ദേവിദാസ് കോർപറേഷൻ സെക്രട്ടറി ഡി. സാജു എന്നിവർ ധാരണപത്രം കൈമാറി.
കോഴിക്കോടിനെ സംബന്ധിച്ച് അഭിമാനകരമായ ദിനമാണെന്നും യുനെസ്കോ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി തിരഞ്ഞെടുത്ത നഗരം മൂന്നാം വർഷത്തിലേക്ക് കടക്കുകയാണെന്നും നാലുവർഷം കൂടുമ്പോൾ സാഹിത്യ നഗരത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് ആ പദവി നിലനിർത്തുകയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് മേയർ ഒ. സദാശിവൻ പറഞ്ഞു. അതിനുള്ള വിശാലമായ തയാറെടുപ്പുകളാണ് കിലയുടെ നേതൃത്വത്തിൽ ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
യുനെസ്കോ ക്രിയേറ്റീവ് സിറ്റി നെറ്റ്വർക്കിൽ കോഴിക്കോടിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സാഹിത്യ പൈതൃകം, സാംസ്കാരിക ആസ്തികൾ, സൃഷ്ടിപരമായ വ്യവസായങ്ങൾ, ഉത്സവങ്ങൾ, പൊതു ഇടങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നഗരത്ത സാംസ്കാരിക ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുമുള്ള പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ദേവിദാസ് പറഞ്ഞു.
യുനെസ്കോ നഗരങ്ങളുമായുള്ള സഹകരണവും വിജ്ഞാന വിനിമയവും പ്രോത്സാഹിപ്പിക്കൽ, കേരളത്തിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ, മുതിർന്ന പൗരന്മാർ, സമൂഹത്തിലെ മറ്റു വിഭാഗങ്ങൾ എന്നിവർക്കിടയിൽ വായന വളർത്തിയെടുക്കുക എന്ന കാഴ്ചപ്പാടാണ് ധാരണപത്രം മുന്നോട്ടുവെക്കുന്നതെന്നും ദേവിദാസ് പറഞ്ഞു.
കില അര്‍ബന്‍ ചെയര്‍ പ്രഫ. അജിത് കാളിയത്ത്, പ്രദീപ്കുമാർ, മുന്‍ മേയര്‍ ഡോ. ബീനാഫിലിപ്പ്, എ. പ്രദീപ് കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ വി.പി. മനോജ്, കെ. രാജീവ്, സി. സന്ദേശ്, എഴൂത്തുകാരായ പി.കെ. പാറക്കടവ്, എന്‍.പി. ഹാഫിസ് മുഹമ്മദ്, വി.ആർ. സുധീഷ്, പി.പി. വിവേക്, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണന്, കൗണ്‍സിലര്‍മാരായ എസ്.വി. സയ്യിദ് മുഹമ്മദ് ഷമീല്‍, എസ്.കെ. അബൂബക്കര്‍, പി. ഉഷാദേവി, മനക്കല് ശശി, അഡീ. സെക്രട്ടറി സി.കെ. അജീഷ് എന്നിവർ സംസാരിച്ചു. 2023 ഒക്ടോബർ 31നാണ് സാഹിത്യ നഗര ശൃംഗലയിൽ കോഴിക്കോട് നഗരം ഇടം നേടിയത്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് മുൻമേയർ ബിനാ ഫിലിപ്പിന്റെ നേതൃത്വത്തിൽ കില, എൻ.ഐ.ടി, മാധ്യമസ്ഥാപനങ്ങൾ, ലൈബ്രറികൾ തുടങ്ങിയയുടെ പിന്തുണയോടെ നടത്തിയിട്ടുള്ള നിരവധിയായ പ്രവർത്തനങ്ങളാണ് സാഹിത്യനഗരി പദവി ലഭ്യമാകുന്നതിന് അവസരമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

