Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര മേഖലയിൽ പുലിഭീതി ഒഴിയുന്നില്ല; വ്യാജപ്രചാരണങ്ങൾ ആളിക്കത്തുന്നു

text_fields
bookmark_border
ആയഞ്ചേരി, നാദാപുരം, കായക്കൊടി, തിരുവള്ളൂർ പഞ്ചായത്തുകളിൽ പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ ഭീതിയിലാണ് പ്രദേശവാസികൾ
വടകര മേഖലയിൽ പുലിഭീതി ഒഴിയുന്നില്ല; വ്യാജപ്രചാരണങ്ങൾ ആളിക്കത്തുന്നു
cancel

ആയഞ്ചേരി: നാടിനെയും നാട്ടുകാരെയും ഒരുപോലെ ചങ്കിടിപ്പിന്റെയും ദുരൂഹതയുടെയും മുൾമുനയിൽ നിർത്തി വടകര താലൂക്ക് മേഖലയിൽ അജ്ഞാത ജീവിയുടെ ഭീതി പടരുന്നു. ആയഞ്ചേരി, നാദാപുരം, കായക്കൊടി, തിരുവള്ളൂർ പഞ്ചായത്തുകളിൽ ഒന്നൊന്നായി ജീവിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതോടെ ഭീതിയുടെ നിഴലിലാണ് പ്രദേശവാസികൾ. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ ജീവി ജനങ്ങളുടെ ഉറക്കം പൂർണമായും കെടുത്തിയിരിക്കുകയാണ്.

ഈ മാസം എട്ടിന് ആയഞ്ചേരി പഞ്ചായത്തിലെ അരൂറമല താഴ്‌വാരത്താണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്ത് ജീവിയെ കണ്ടതായുള്ള വിവരത്തെ തുടർന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തുകയും, വിദഗ്ധ സമിതി ഇത് ‘പട്ടിപ്പുലി’ ആകാനാണ് സാധ്യതയെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.

എന്നാൽ, ഈ മാസം 21ന് തൊട്ടടുത്ത നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട്ട് കോളജ് വിദ്യാർഥിയായ സിനാനെ വീടിന് പിൻവശത്തുവെച്ച് അജ്ഞാത ജീവി ആക്രമിച്ചതോടെ ഭീതി ഇരട്ടിച്ചു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ട നിഴൽരൂപം പുലിയാണെന്ന സംശയം ശക്തമായതിനെ തുടർന്ന് വനംവകുപ്പും ജനകീയ സമിതിയും മൂന്ന് ഡ്രോണുകൾ പറത്തിയും കാടുകയറിയും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല.

തൊട്ടുപിന്നാലെ കായക്കൊടിയിലും പുലിസാന്നിധ്യം റിപ്പോർട്ട് ചെയ്യുകയുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച (28ന്) ആയഞ്ചേരിയിലെ മംഗലാട്ടും, പിന്നാലെ തിരുവള്ളൂർ ടൗണിനോട് ചേർന്ന പ്രദേശങ്ങളിലും ജീവിയെ കണ്ടതായി വിവരങ്ങൾ പുറത്തുവന്നു.

വ്യാജവാർത്തകളും തിരച്ചിലിന് തടസ്സമാകുന്ന ജനക്കൂട്ടവും

ജനങ്ങളുടെ ഭീതി മുതലെടുത്ത് പ്രമുഖ വാർത്താ ചാനലുകളുടെയും മാധ്യമം ഉൾപ്പെടെ ദിനപത്രങ്ങളുടെയും വ്യാജ ലേഔട്ടുകൾ നിർമിച്ചും എഡിറ്റ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചും ചിലർ സോഷ്യൽ മീഡിയയിൽ ഭീതി പടർത്തുന്നത് വനംവകുപ്പിനെയും നാട്ടുകാരെയും ഒരുപോലെ വലയ്ക്കുന്നുണ്ട്. കൂടാതെ, പുലിസാന്നിധ്യം സംശയിക്കുന്ന സ്ഥലങ്ങളിൽ ജനങ്ങൾ കൂട്ടത്തോടെ എത്തുന്നതും വനപാലകരുടെ തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

തിരുവള്ളൂർ അങ്ങാടി പരിസരത്ത് പുലിയെ കണ്ടെന്ന വാർത്ത വനംവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് വിശദമായ പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യത്തിന് വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും വന്യജീവി സാന്നിധ്യം പൂർണമായി തള്ളിക്കളയാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ഭയപ്പെടാതെ തുടർന്നുള്ള ദിവസങ്ങളിൽ കടുത്ത ജാഗ്രത പുലർത്തണമെന്നും, വീടുകളിലെയും കടമുറികളിലെയും സി.സി ടി.വി ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. രാമകൃഷ്ണനും വാർഡ് അംഗം ഡി. പ്രജീഷും അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - leopad in vadakara area
Next Story