ലോ കോളജ് വിദ്യാർഥിനിയുടെ മരണം: ആൺസുഹൃത്ത് അറസ്റ്റിൽ
text_fieldsഅൽഫാൻ
കോഴിക്കോട്: കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാർഥിനി താമസസ്ഥലത്ത് തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് അറസ്റ്റിൽ. മൂന്നാം സെമസ്റ്റർ വിദ്യാർഥിനി തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ മൗസ മെഹറിസി (20)ന്റെ മരണവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് കോവൂർ സ്വദേശിയായ അൽഫാൻ ഇബ്രാഹിമി (34)നെ ചേവായൂർ എസ്.ഐ നിമിൻ കെ. ദിവാകരൻ അറസ്റ്റ് ചെയ്തത്.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെ കൽപറ്റക്കടുത്തുനിന്നാണ് പൊലീസ് സംഘം അൽഫാനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി മൗസ മെഹറിസിന്റെ മറ്റു സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. എന്നാൽ, സുഹൃത്തായ അൽഫാൻ എത്താതെ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു ലോ കോളജിന് സമീപത്തെ കടയിൽ പാർട്ട്ടൈമായി ജോലി ചെയ്തിരുന്ന മൗസ മെഹറിസിനെ അൽഫാൻ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. അതിനിടെ അൽഫാൻ വിവാഹിതനാണെന്നും കുട്ടിയുണ്ടെന്നുമുള്ള വിവരം മൗസ അറിഞ്ഞു. മൗസ ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചതോടെ അൽഫാൻ സ്വയം പരിക്കേൽപിക്കുകയും മൗസയെ മർദിക്കുകയും ചെയ്തു. മൗസയുടെ ഫോണും അൽഫാൻ കൈവശപ്പെടുത്തി. ഇതിലെല്ലാം ദുഃഖിതയായ മൗസ, ആത്മഹത്യചെയ്ത ദിവസം രാവിലെ കോളജിലെത്തി കാര്യങ്ങളെല്ലാം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
ഓൺലൈൻ തട്ടിപ്പിൽ അൽഫാന്റെ ബാങ്ക് അക്കൗണ്ട് റിസർവ് ബാങ്ക് മുമ്പ് മരവിപ്പിച്ചിട്ടുണ്ട്. ഒളിവിൽ പോയ അൽഫാൻ ബംഗളൂരു, ഗോവ, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

