ധീരനായ പുത്രന് വഴികാട്ടിയ പിതാവിന് നാടിന്റെ അന്ത്യാഞ്ജലി
text_fieldsകോഴിക്കോട്: ‘എന്റെ മകൻ മരിച്ചെങ്കിലും എനിക്ക് ആയിരക്കണക്കിന് മക്കളെ തിരിച്ചുകിട്ടി’ -1999ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രമിന്റെ പിതാവ് റിട്ട. ലഫ്റ്റനന്റ് കേണൽ പി.കെ.പി. വിശ്വനാഥ പണിക്കരുടെ വാക്കുകൾ. മകന്റെ ഓർമകളിൽ ഒട്ടും പതറാതെ, രാജ്യതാൽപര്യത്തിൽ വീറുകൊണ്ടിരുന്നു പി.കെ.പി. വിശ്വനാഥ പണിക്കർ. 1999 ജൂൺ രണ്ടിന് ദ്രാസിൽവെച്ച് പീരങ്കി ഷെൽ ഏറ്റ് വിക്രം വീരമൃത്യുവരിച്ചെങ്കിലും മകൻ കാർഗിലിലും സിയാചിനിലും ശത്രുക്കളെ തുരത്തിയ കഥ സൈനികരക്തം ചൂടണയാതെ ശരീരത്തിൽ ഒഴുകുന്ന പണിക്കർക്ക് ആവേശത്തിന്റെ വേലിയേറ്റം തീർക്കുന്ന ഓർമകളായിരുന്നു.
തന്റെ പാതയിലൂടെ മകൻ സൈനികനായതിലും തന്റെ അതേ യൂനിറ്റിൽ ഓഫിസറായി ജോലി ചെയ്യാൻ അവസരം ലഭിച്ചതിലും ഈ പട്ടാള ഉദ്യോഗസ്ഥൻ അഭിമാനിച്ചിരുന്നു. ‘മരിച്ചത് സ്വന്തം മകനാകാം. പക്ഷേ, ആയിരക്കണക്കിന് മക്കളെയാണ് എനിക്ക് കിട്ടിയത്. ഒരാൾ മരിക്കുമ്പോൾ ആയിരങ്ങൾ ജനിക്കുകയാണ്. അതാണ് വീരമൃത്യുവിന്റെ പ്രത്യേകത’ എന്ന് മകന്റെ മരണത്തെക്കുറിച്ച് അദ്ദേഹം കൂടക്കൂടെ പറഞ്ഞു. വിക്രമിന്റെ പിതാവാണെന്ന് അറിയുമ്പോൾ ഏതു കുട്ടിയും സല്യൂട്ട് അടിക്കുകയും എഴുന്നേറ്റ് നിൽക്കുകയും ചെയ്യുന്നതിൽ അദ്ദേഹത്തിന് അഭിമാനമായിരുന്നു.
1965ലെയും 1971ലെയും ഇന്ത്യ -പാകിസ്താൻ യുദ്ധങ്ങളിൽ പങ്കെടുത്ത കരളുറച്ച സൈനികോദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന് കീഴിൽ പോർമുഖത്ത് നിൽക്കാൻ കീഴുദ്യോഗസ്ഥർക്കും ഏറെ ആത്മവിശ്വാസമായിരുന്നു.
റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് മിഡ് ടൗൺ പ്രസിഡന്റ്, മലബാർ ചേംബർ ഓഫ് കോമേഴ്സ്, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, റിട്ട. ആംഡ് ഫോഴ്സസ് ഓഫിസേഴ്സ് അസോസിയേഷൻ തുടങ്ങിയവയുടെ സജീവ അംഗവുമായിരുന്നു പി.കെ.പി. വിശ്വനാഥ പണിക്കർ. ക്യാപ്റ്റൻ വിക്രമിനോടുള്ള ആദര സൂചകമായി ഭാരത് പെട്രോളിയം അനുവദിച്ച പാചകവാതക ഏജൻസി കഴിഞ്ഞ ജനുവരിവരെ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

