കുന്നിടിക്കുന്നതിൽ പുതിയ തന്ത്രങ്ങളുമായി മണ്ണ് മാഫിയ
text_fieldsകോഴിക്കോട്: കുന്നിടിച്ച് മണ്ണ് നീക്കം ചെയ്യുന്നതിന് പുതിയ തന്ത്രങ്ങളൊരുക്കി മണ്ണ് മാഫിയ. വീട് നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാനുള്ള അനുവാദം നൽകുന്നതിനുള്ള അധികാരം മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയതിന്റെ മറവിലാണ് കുന്നിടിക്കൽ നിർബാധം നടത്തുന്നതെന്നാണ് പരാതി. വൻ തുക കൈക്കൂലി വാങ്ങിയാണ് ചില തദ്ദേശ സെക്രട്ടറിമാർ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് മണ്ണ് മാറ്റാൻ അനുമതി നൽകുവാനുള്ള അധികാരം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതെന്നാണ് ആരോപണം.
വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ രേഖകളും നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും ഉൾപ്പെടെയാണ് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടത്. ജലസ്രോതസുകൾക്കോ തണ്ണീർതടങ്ങൾക്കോ ഹാനികരമാകാത്ത വിധം നീക്കം ചെയ്യുന്ന മണ്ണ് എവിടെ നിക്ഷേപിക്കുമെന്നത് ഉറപ്പുവരുത്തി അളവ് തിട്ടപ്പെടുത്തുന്ന റിപ്പോർട്ട് വാങ്ങും. നിയമാനുസൃത ഫീസ് ഈടാക്കിയാണ് അനുമതി നൽകുന്നത്. മണ്ണെടുത്ത ശേഷം ഒരു വർഷത്തിനകം നിർദിഷ്ട പ്ലാൻ പ്രകാരമുള്ള കെട്ടിടത്തിന്റെ അടിത്തറ നിർമിച്ചത് തദ്ദേശ സ്ഥാപന സെക്രട്ടറി പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ചട്ടം അനുശാസിക്കുന്നു. നിർമാണം നടത്തിയില്ലെങ്കിൽ ഒടുക്കിയ ഫീസിന്റെ അഞ്ചിരട്ടി തുക പിഴയായി തദ്ദേശഭരണ സ്ഥാപനം വസൂലാക്കണം എന്നും വ്യവസ്ഥ ചെയ്യുന്നു.
എന്നാൽ, ഇങ്ങനെ ഒരു രജിസ്റ്റർ ഒരു തദ്ദേശഭരണ സ്ഥാപനവും സൂക്ഷിക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ മണ്ണെടുപ്പിന് എല്ലാ സഹായങ്ങളും നൽകി വൻ തുക കൈക്കൂലി വാങ്ങുകയാണെന്നാണ് ആരോപണം. മണ്ണ് മാഫിയ പ്രാദേശിക ഏജന്റുമാർ മുഖേന കുന്നിൻ പ്രദേശത്ത് ഭൂമിയുള്ള പാവപ്പെട്ടവരെ വലവീശി അവർക്ക് വീട് വെക്കാൻ സൗജന്യമായി സ്ഥലം നിരപ്പാക്കി നൽകാമെന്ന കരാറിൽ ഭൂമിയുടെ രേഖകൾ വാങ്ങി വലിയ കെട്ടിടങ്ങളുടെ പ്ലാൻ വരച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഭരണ സമിതി അംഗങ്ങളേയും സ്വാധീനിച്ച് നടപടിക്രമങ്ങളെല്ലാം വേഗത്തിൽ പൂർത്തിയാക്കി ഫീസൊടുക്കി മണ്ണെടുപ്പ് തുടരുകയാണ്. പ്ലാനിന്റെ അടിസ്ഥാനത്തിൽ ലഭിച്ച അനുമതിയിൽ നിശ്ചയിച്ചുള്ളതിന്റെ പലയിരട്ടി മണ്ണ് എടുത്തു മാറ്റി കുന്നുകളെ സമതലങ്ങളാക്കുകയാണ്. സംസ്ഥാനം മുഴുവൻ ഇത്തരത്തിൽ മണ്ണെടുപ്പ് തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

