ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ല; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സുരക്ഷ വെല്ലുവിളിയാവുന്നു
text_fieldsകോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് സുരക്ഷ ജീവനക്കാരില്ലാത്തത് പ്രതിസന്ധിക്കിടയാക്കുന്നു. 20 സുരക്ഷ ജീവനക്കാരുടെ തസ്തിക അനുവദിച്ചിട്ടുണ്ടെങ്കിലും അഞ്ചുപേർ മാത്രമാണുള്ളത്. ഇതോടെ ആശുപത്രിയുടെ സുരക്ഷ ക്രമീകരണങ്ങൾ താളംതെറ്റി. വനിത സുരക്ഷ ജീവനക്കാർ ആരുമില്ലാത്തതും വെല്ലുവിളിയാവുന്നു. വനിതകളുടെ വാർഡിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ പിടിച്ചുമാറ്റാൻ പോലും ആരുമില്ലാത്ത അവസ്ഥയാണ്. അക്രമാസക്തരാവുന്ന രോഗികളുള്ള ആശുപത്രിൽ നഴ്സുമാർ രാത്രി ആശങ്കയോടെയാണ് ജോലി ചെയ്യുന്നത്.
പലപ്പോഴും മരുന്നുമായെത്തുന്ന നഴ്സുമാരെ രോഗികൾ മർദിക്കുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. സുരക്ഷ ജീവനക്കാരുടെ ആഴ്ചയിലെ അവധിയും മറ്റ് അവധികളുംകൂടിയാവുന്നതോടെ ഒരു ഷിഫ്റ്റിൽ ഒരു സുരക്ഷ ജീവനക്കാരൻ മാത്രമേ ഉണ്ടാവൂ എന്നതാണ് സ്ഥിതി. നേരത്തേ രോഗികൾ ചാടിപ്പോവുകയും രോഗികൾ തമ്മിലുള്ള അടിപിടിയിൽ ഒരാൾ മരിക്കുകയും ചെയ്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പ്രത്യേക ഉത്തരവിലൂടെ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരുടെ എണ്ണം 20 ആക്കി ഉയർത്തിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കാനാണ് ഉത്തരവ് നൽകിയത്.
ഇതുപ്രകാരം സൈനിക വെൽഫെയർ ബോർഡിലേക്ക് എഴുതുകയും ഈ പട്ടിക പ്രകാരം അഭിമുഖം നടത്തി സുരക്ഷ ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. പ്രതിദിനം 675 രൂപ പ്രകാരം ഇവരെ നിയമിക്കാനായിരുന്നു ഉത്തരവ്. റിസ്ക് പിടിച്ച ജോലിയായതിനാൽ പലരും മറ്റു സ്ഥലങ്ങളിൽ ജോലി ലഭിക്കുമ്പോൾ രാജിവെക്കും. ചട്ടപ്രകാരം മുൻ സൈനികരെ മാത്രമേ സുരക്ഷ ജീവനക്കാരായി നിയമിക്കാൻ പാടുള്ളൂ. എന്നാൽ, വനിത മുൻ സൈനികരെ ലഭിക്കാത്തത് കാരണം വനിത സുരക്ഷജീവനക്കാരെ നിയമിക്കാൻ കഴിയുന്നില്ല. സുരക്ഷ ജീവനക്കാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് പട്ടിക ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

