കാത്ത് ലാബിന് പൂട്ട്; ആരോഗ്യവകുപ്പിന് നിസ്സംഗത
text_fieldsകോഴിക്കോട്: തീരമേഖലയിലെ പാവപ്പെട്ട ജനവിഭാഗത്തിന് ഏറെ ആശ്വാസമായിരുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ് തുറക്കുന്നതില്‍ ആരോഗ്യവകുപ്പിന് നിസ്സംഗത.
മൂന്ന് കോടി കുടിശ്ശിക അടച്ചുതീർക്കാത്തതിനാൽ സ്റ്റന്റ്, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിതരണം കമ്പനികള്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലധികമായി കാത്ത് ലാബ് അടഞ്ഞുകിടക്കുകയാണ്.
എന്നാൽ, ദിനംപ്രതി നാലും അഞ്ചും ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിരുന്ന കാത്ത് ലാബ് തുറന്നുപ്രവർത്തിക്കുന്നതിൽ അധികൃതർ നിസ്സംഗത തുടരുകയാണ്. കാരുണ്യ പദ്ധതിയിൽനിന്ന് ബീച്ച് ആശുപത്രിക്ക് ലഭിക്കാനുള്ള രണ്ടു കോടി അനുവദിക്കാൻ കൂടി സർക്കാർ തയാറാവുന്നില്ല. കാത്ത് ലാബ് പൂട്ടിയതോടെ സൗജന്യ ചികിത്സയില്‍ പ്രതീക്ഷയര്‍പ്പിച്ച് എത്തിയ 40ലേറെ രോഗികളാണ് പ്രതിസന്ധിയിലായത്. കഴിഞ്ഞദിവസം ഡി.എം.ഒയുമായി വിതരണക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും മുഴുവന്‍ കുടിശ്ശികയും ആരോഗ്യവകുപ്പ് നല്‍കില്ലെന്ന് അറിഞ്ഞതോടെ ചര്‍ച്ച പരാജയപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഡി.എം.ഒ അറിയിച്ചെങ്കിലും പിന്നീട് ആരോഗ്യവകുപ്പ് സമീപിച്ചിട്ടില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്. കാത്ത് ലാബിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നഘട്ടത്തില്‍ ശസ്ത്രക്രിയ നിശ്ചയിച്ചവരില്നിന്ന് 15 പേരെ ആശുപത്രി അധികൃതര്‍ തിരിച്ചയച്ചു.
ഭീമമായ തുക നല്കി സ്വകാര്യ ആശുപത്രിയില്‍നിന്ന് ശസ്ത്രക്രിയ ചെയ്യാനാവാത്തതിനാല്‍ പല രോഗികളും എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണ്. ആശുപത്രികളില്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കിയെന്ന് പറയുന്ന സര്‍ക്കാര്‍ നിലവിലുള്ള സൗകര്യങ്ങള്‍പോലും ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.
മുഴുവന്‍ കുടിശ്ശികയും നല്‍കാതെ സ്റ്റന്റ് വിതരണം ചെയ്യാനാവില്ലെന്ന നിലപാടിൽ ഉറച്ചുനില്‍ക്കുകയാണ് വിതരണക്കാര്‍. ജില്ലയിൽനിന്നുള്ള മന്ത്രിമാരടക്കം വിഷയത്തിൽ ഇടപെടാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

