കടകളിൽ മോഷണം: പ്രതികൾ അറസ്റ്റിൽ
text_fieldsകുറ്റ്യാടി: കഴിഞ്ഞ മാസം നാലിന് പുലർെച്ച കുറ്റ്യാടി ടൗണിലെ മൂന്ന് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മൊയിലോത്തറ നാരുള്ളപറമ്പത്ത് ഷൈജു (52), കാഞ്ഞങ്ങാട് ഉദയനഗർ അരിപ്പുറം കാരക്കക്കുണ്ട് മുഹമ്മദ് റഫീഖ് (37) എന്നിവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്.
പഴയ ബസ് സ്റ്റാൻഡിന് സമീപം ആധാരം എഴുത്തുകാരൻ എം.എം. ദിനേശന്റെ ഡി ആൻഡ് ഡി ബുക്സ്, പുതിയ സ്റ്റാൻഡിൽ പാലേരി പാറക്കടവിലെ ടി. ആദിൽ റഷീദിന്റെ ബുക്മാർട്ട്, ഹംസയുടെ മദീന സ്റ്റേഷനറി എന്നിവിടങ്ങളിലാണ് പ്രതികൾ മോഷണം നടത്തിയത്. കമ്പിപ്പാരകൊണ്ട് പൂട്ട് തകർത്ത് ഡി ആൻഡ് ഡി ബുക്സിൽനിന്ന് 20,000 രൂപയും, ബുക്ക് മാർട്ടിൽനിന്ന് ബാഗ്, കുട, സ്റ്റേഷനറി വസ്തുക്കൾ, മദീന സ്റ്റേഷനറിയിൽ മേശവലിപ്പിലുണ്ടായിരുന്ന ആയിരത്തോളം രൂപ എന്നിവയാണ് മോഷ്ടിച്ചത്.
സി.സി.ടി.വി കാമറ ദിശ മാറ്റിയായിരുന്നു മോഷണം. മറ്റൊരു കേസിൽ തലശ്ശേരിയിൽ അറസ്റ്റിലായ പ്രതികൾ ചോദ്യംചെയ്യലിനിടെ കുറ്റ്യാടിയിലെ മോഷണംകൂടി വെളിപ്പെടുത്തുകയായിരുന്നു. കോടതിയിൽനിന്ന് വെള്ളിയാഴ്ച കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.

