കുറ്റ്യാടിയിൽ തെരുവുനായ് ആക്രമണം
text_fieldsതെരുവുനായുടെ കടിയേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ കുറ്റ്യാടി ഗവ. ആശുപത്രിയിലെത്തിച്ചപ്പോൾ
കുറ്റ്യാടി: ടൗണിന്റെ പരിസരപ്രദേശങ്ങളിൽ മൂന്നുപേർക്ക് തെരുവുനായുടെ കടിയേറ്റു. നിലേച്ചുകുന്ന്, കുളങ്ങരത്താഴ, കരണ്ടോട് എന്നിവിടങ്ങളിലാണ് മൂന്നു കുട്ടികളടക്കം എട്ടുപേരെ കടിച്ചത്. നായെ ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ കീഴ്പ്പെടുത്തി.
നീലേച്ചുകുന്ന് കൂരാറ ജസ്മിനയുടെ മകൻ സെയിൻ മുബാറക്ക് (നാല്), കുളങ്ങരത്താഴയിലെ എം സാൻഡ് യാഡിലെ ജീവനക്കാരൻ ഈങ്ങാപ്പുഴ സ്വദേശി സജിമോൻ (47), നീലേച്ചുകുന്നിലെ കെ.സി. ജാഫറിന്റെ മകൻ അബ്ദുൽ ഹാദി (എട്ട്), കുളങ്ങരത്താഴ വടക്കെപുറത്ത് സൂപ്പി (68), കരണ്ടോട് അൻസാറിന്റെ മകൻ ഐബക് അൻസാർ (ഒമ്പത്), ലുലു സാരീസിലെ സെക്യൂരിറ്റി ജീവനക്കാരൻ കുനിങ്ങാട് സ്വദേശി സുരേഷ് ബാബു (59), നീലേച്ചുകുന്നിലെ ഹോട്ടൽ ജീവനക്കാരനായ പശ്ചിമബംഗാൾ സ്വദേശി അബ്ദുൽ (30), നരിക്കൂട്ടുംചാൽ പാലോള്ളതിൽ സതീശൻ (60) എന്നിവർക്കാണ് കടിയേറ്റത്. എട്ടുപേരെയും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പു നൽകി.
11 മണിക്ക് നാലു വയസ്സുകാരന് വീടിന്റെ വരാന്തയിൽവെച്ചാണ് സാരമായി കടിയേറ്റത്. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെയും വീടിന് പരിസരത്തുവെച്ചാണ് കടിച്ചത്. ബാക്കിയുള്ളവരെ നടന്നുപോകുമ്പോഴും ജോലിസ്ഥലത്തുനിന്നുമാണ് ആക്രമിച്ചത്. ഭീതി പരത്തിയ നായെ ബഷീർ നെരയങ്കോടന്റെ നേതൃത്വത്തിൽ കുളങ്ങരത്താഴ ജുമാമസ്ജിദിന് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ കടിക്കുന്നതിനിടയിലാണ് കീഴ്പ്പെടുത്തിയത്.
പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, മെംബർമാർ തുടങ്ങിയവർ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദശിച്ചു. കുറ്റ്യാടി മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരുന്നതിനാൽ പ്രത്യേക ഷെൽട്ടറോ മറ്റോ നിർമിച്ച് രക്ഷാനടപടി സ്വീകരിക്കണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ കൊല്ലാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

