യാത്രക്കാരന് നെഞ്ചുവേദന; രക്ഷകരായി ബസ് ജീവനക്കാർ
text_fieldsഡ്രൈവർ സജിത്ത്, ശ്യാം, കണ്ടക്ടർ നിമേഷ് കുമ്പളം എന്നിവർ
കുറ്റ്യാടി: ഓട്ടത്തിനിടയിൽ ബസ് യാത്രക്കാരന് നെഞ്ചുവേദന. ജീവനക്കാരുടെ സമയോജിതമായ ഇടപെടൽ അദ്ദേഹത്തിെൻറ ജീവൻ രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് കുറ്റ്യാടിയിൽനിന്ന് മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ട അജ്വ ബസിൽ പേരാമ്പ്ര മൂരികുത്തിയിൽനിന്ന് കയറിയ സുന്ദരൻ എന്നയാൾക്കാണ് അണ്ടിക്കോട് എത്തിയപ്പോൾ നെഞ്ചുവേദന തുടങ്ങിയത്. ഒപ്പം ഇയാളുടെ ഭാര്യയും ഉണ്ടായിരുന്നു.
സുന്ദരൻ അവശനായതോടെ ഡ്രൈവർ കടിയങ്ങാട്ടെ കുന്നുമ്മൽ സജിത്തും കണ്ടക്ടർ നിമേഷ് കുമ്പളവും ബസിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ ശ്യാമും ചേർന്ന് ഇദ്ദേഹത്തെ പുറക്കാട്ടേരിയിലുള്ള ക്ലിനിക്കിൽ എത്തിച്ചു. അവിടെ ഡോക്ടർ ഇല്ലാത്തതിനെ തുടർന്ന്, മറ്റൊരിടത്ത് എത്തിച്ചെങ്കിലും ചികിത്സ ലഭ്യമായില്ല.
തുടർന്ന് ഇവർ ബസ് മലാപ്പറമ്പ് ഇഖ്റ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. അതിനുശേഷമാണ് ബസ് മെഡിക്കൽ കോളജിലേക്ക് പോയത്. ബസിലെ മുഴുവൻ യാത്രക്കാരും പൂർണമായി സഹകരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.

