വൈദ്യുതിയില്ല; വഴിയോര വിശ്രമകേന്ദ്രം അടഞ്ഞുതന്നെ
text_fieldsതൊട്ടിൽപാലം കെ.എസ്.ആർ.ടി.സി സബ്ഡിപ്പോക്ക് സമീപം കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് നിർമിച്ച വഴിയോര വിശ്രമകേന്ദ്രം
കുറ്റ്യാടി: കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് തൊട്ടിൽപാലം കെ.എസ്.ആർ.ടി.സി സബ് ഡിപ്പോക്കടുത്ത് സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രം അടഞ്ഞുതന്നെ. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും വൈദ്യുതി ഇല്ലാത്തതിനാലാണ് പ്രവർത്തനം തുടങ്ങാത്തത്.
ഇതുവരെ വയറിങ് പോലും കഴിഞ്ഞിട്ടില്ല. വൈദ്യുതീകരണ പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയാറാക്കാൻ കെ.എസ്.ഇ.ബിയുടെ സബ്ഡിവിഷൻ ഓഫിസിൽ അപേക്ഷ നൽകിയിട്ട് മാസങ്ങളായെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.ജി. ജോർജ് പറഞ്ഞു.
കോഴിക്കോട്ടാണ് ഓഫിസ്. എൽ.എസ്.ജി.ഡിക്ക് വൈദ്യുതിവിഭാഗം ഇല്ലാത്തതിനാൽ എസ്റ്റിമേറ്റിന് കെ.എസ്.ഇ.ബി തന്നെ കനിയണം. അസി. എക്. എൻജിനീയർ കെട്ടിടം സന്ദർശിച്ചുപോയിട്ടും ഇതുവരെ എസ്റ്റിമേറ്റ് ലഭിച്ചിട്ടില്ല. 23 ലക്ഷം രൂപ ചെലവിൽ വയനാട് റോഡിൽ യാത്രക്കാർക്കുവേണ്ടി തയാറാക്കിയ കേന്ദ്രമാണ്. സൗജന്യമായി ഇവിടെ വിശ്രമിക്കുകയും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുകയും ചെയ്യാം.
അന്തർസംസ്ഥാന സർവിസടക്കം ഉള്ളതിനാൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഇത് അനുഗ്രഹമായിരിക്കും. എസ്റ്റിമേറ്റ് ലഭിക്കാൻ കെ.എസ്.ഇ.ബിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.