കാട്ടുപന്നിയുടെ കുത്തേറ്റ് പത്രം ഏജൻറിന് ഗുരുതര പരിക്ക്
text_fieldsകുറ്റ്യാടി: വെളുപ്പിന് പത്രമെടുക്കാൻ ബൈക്കിൽ പോയ പത്രം ഏജൻറിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. മാധ്യമം ഏജൻറ് നരിക്കൂട്ടിൽ ഗഫൂറിനാണ് (46) കുന്നുമ്മൽ ജുമാമസ്ജിദിനു സമീപം കുളങ്ങരത്ത്-അരൂർ റോഡിൽവെച്ച് പന്നിയുടെ കുത്തേറ്റത്.
ഇയാളുടെ കാലിനു കുത്തിയശേഷം പന്നി ഓടിമറയുകയായിരുന്നു. മുട്ടിനു താഴെ എല്ലിന് രണ്ടിടത്ത് പൊട്ടലുണ്ട്. കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം കോഴിക്കോട് ഇഖ്റ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി.
കുന്നുമ്മൽ പഞ്ചായത്തിലെ മധുകുന്ന് മലയിൽനിന്നിറങ്ങിവരുന്ന കാട്ടുപന്നികൾ നിരവധി കർഷകരുടെ വിളകൾ നശിപ്പിക്കാറുണ്ട്. ആളുകളെ ആക്രമിക്കുന്നത് ആദ്യമാെണന്ന് ഗഫൂർ പറഞ്ഞു.

