ദേശീയ, സംസ്ഥാന ഗെയിംസ് കുറ്റ്യാടി സ്കൂളിന് മികച്ച നേട്ടം
text_fieldsഹാപ്കിഡോ ദേശീയതല മത്സരത്തിൽ സ്വർണമെഡൽ നേടിയ മുഹമ്മദ് അൻസിൽ
കുറ്റ്യാടി: സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന ഹാപ്കിഡോ, വുഷു, ബോക്സിങ് മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ മെഡലുകൾ വാരിക്കൂട്ടി.
ഹാപ്കിഡോ ദേശീയതല മത്സരത്തിൽ സ്വർണവും വുഷു സംസ്ഥാനതല മത്സരത്തിൽ സ്വർണവും വെള്ളിയും വെങ്കലവുമാണ് നേടിയത്. വുഷു മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതും കുറ്റ്യാടി ഹയർ സെക്കൻഡറി സ്കൂളിനുതന്നെയാണ്.
പശ്ചിമ ബംഗാളിൽ നടന്ന ദേശീയതല ഹാപ്കിഡോ മത്സരത്തിൽ പ്ലസ് വൺ ക്ലാസിലെ മുഹമ്മദ് അൻസിലാണ് സ്വർണമെഡൽ നേടിയത്. കൊറിയയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് മുഹമ്മദ് അൻസിൽ പങ്കെടുക്കും.
വുഷു മത്സരത്തിൽ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് രിസ്വാൻ, പ്ലസ്ടു വിദ്യാർഥി അനുഷിൻ എന്നിവർ സ്വർണ മെഡൽ നേടിയപ്പോൾ മുഹമ്മദ് നാഫിൽ വെള്ളിയും ദിൽഷാദ് വെങ്കലവും നേടി. സംസ്ഥാനതല ബോക്സിങ് മത്സരത്തിൽ പ്ലസ്ടു വിദ്യാർഥി അദ്നാൻ അബ്ദുല്ലയാണ് വെള്ളി മെഡൽ നേടിയത്. സ്കൂളിന്റെയും നാടിന്റെയും അഭിമാനമായിത്തീർന്ന പ്രതിഭകളെ അധ്യാപകരും പി.ടി.എയും എസ്.എം.സിയും അഭിനന്ദിച്ചു.