കായക്കൊടിയിൽ ഇഞ്ചോടിഞ്ച്
text_fieldsകുറ്റ്യാടി: ഇരുമുന്നണികൾക്കും തുല്യശക്തിയുള്ള മലയോര പഞ്ചായത്തായ കായക്കൊടിയിൽ ഇത്തവണ മത്സരം പൊടിപാറും. ഭരണം നിലനിർത്താൻ എൽ.ഡി.എഫും തിരിച്ചുപിടിക്കാൻ യു.ഡി.എഫും പൊരിഞ്ഞ പോരാട്ടത്തിലാണ്. വിവിധ കാലങ്ങളിലായി ഇരുമുന്നണികളും മാറിമാറിയാണ് ഭരിച്ചത്.
പഞ്ചായത്ത് രൂപവത്കരിച്ചതു മുതൽ തുടർച്ചയായി രണ്ടു തവണ യു.ഡി.എഫാണ് ഭരണത്തിലുണ്ടായിരുന്നത്. പിന്നീട് തുടർച്ചയായി രണ്ടു തവണ ഭരണം എൽ.ഡി.എഫിനായി. പഞ്ചായത്തിൽ കഴിഞ്ഞതവണ ഇരുമുന്നണികൾക്കും തുല്യ സീറ്റായിരുന്നു. നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.ഫിനും വൈസ്പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനുമാണ് ലഭിച്ചത്. 2000ത്തിലും ഇതേ അവസ്ഥായായിരുന്നു. അന്ന് രണ്ട് സ്ഥാനങ്ങളും യു.ഡി.എഫിനാണ് ലഭിച്ചത്. അതിനുശേഷം തുടർച്ചയായി എൽ.ഡി.എഫിനാണ് ഭരണം.
കഴിഞ്ഞ തവണത്തെ നേട്ടം യു.ഡി.എഫ് കക്ഷികളിൽ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഇത്തവണ വിമത ശല്യമില്ലാതെ തുടക്കത്തിൽതന്നെ സ്ഥാനാർഥി നിർണയം നടത്താൻ കഴിഞ്ഞതായി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ തവണ ഒരു സീറ്റിൽ സ്ഥാനാർഥി തർക്കം കാരണം മുസ്ലിം ലീഗ് വിമതനാണ് ജയിച്ചത്. എന്നാൽ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയുമുണ്ടായി.
16 സീറ്റുകളുണ്ടായിരുന്നത് വാർഡ് പുനർനിർണയത്തിലൂടെ ഇത്തവണ 17 ആയിട്ടുണ്ട്. പത്ത് സീറ്റ് നേടുമെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം. പത്ത് സീറ്റ് ഉറപ്പാണെന്നും 12 കിട്ടാനുള്ള ശ്രമത്തിലാണെന്നും എൽ.ഡി.എഫും പറയുന്നു. എട്ട് സീറ്റ് വീതം ഇരുമുന്നണികൾക്കും ഉറപ്പാണെന്നും ചങ്ങരംകുളം, കരണ്ടോട്, മുട്ടുനട വാർഡുകളിലെ വിജയം ഭരണം നിശ്ചയിക്കുമെന്നും നിരീക്ഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

