അനധികൃത പാർക്കിങ്; നടപടി കർശനമാക്കി പൊലീസ്
text_fieldsകുറ്റ്യാടി ടൗണിൽ മരുതോങ്കര റോഡിൽ അനധികൃതമായി
നിർത്തിയിട്ട വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന പൊലീസ്
കുറ്റ്യാടി: ടൗണിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കി പൊലീസ്. പാർക്കിങ് നിരോധിച്ച സ്ഥലങ്ങളിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തും. നാദാപുരം റോഡിൽ ഫോറസ്റ്റ് ഒാഫിസ് വരെയും വയനാട് റോഡിൽ ബസ് സ്റ്റോപ് വരെയും, കോഴിക്കോട് റോഡിൽ പൊലീസ് സ്റ്റേഷൻ വരെയും മരുതോങ്കര റോഡിൽ സിറാജുൽ ഹുദ വരെയും പാർക്കിങ് പാടില്ലെന്നാണ് തീരുമാനം.
അത് ലംഘിക്കുന്നവർക്കെതിരെയാണ് പിഴയിടുന്നത്. ഇതിനിടയിൽ നിർത്തേണ്ടിവന്നാൽ സ്വകാര്യ പാർക്കിങ് സ്ഥലങ്ങളിൽ നിർത്തണമെന്നാണ് പഞ്ചായത്തിന്റെയും പൊലീസിന്റെയും നിർദേശം. ബസുകൾ സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളിൽ നിർത്തി ആളെ കയറ്റുന്നതും സ്റ്റോപ്പിനു മുമ്പിൽ ബസ്ബേകളിൽ കയറ്റി നിർത്താത്തതും കാരണം ഗതാഗതക്കുരുക്ക് ഉണ്ടാവുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
പ്രധാന ജങ്ഷനു സമീപം കോഴിക്കോട് റോഡിലെ കയറ്റത്തിൽ ചില ബസുകൾ നിർത്തി ആളെ കയറ്റുന്നതിനാൽ പിന്നിൽ വരുന്ന വാഹനങ്ങൾക്ക് വലിമുട്ടുന്ന സ്ഥിതിയാണ്.
ഐഡിയൽ പബ്ലിക് സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിനു മുന്നിൽ ബസ് നിർത്തുമ്പോൾ പിന്നിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ റോഡ് വീതിക്കൂട്ടി ബസ്ബേ നിർമിച്ചെങ്കിലും ഇവിടെ ബസുകൾ നിർത്താറില്ല. ഇതോടെ ഇവിടെയും ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.

