കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവർക്കുനേരെ ഗുണ്ട ആക്രമണം
text_fieldsപരിക്കേറ്റ ജലീൽ
കുറ്റ്യാടി: ടൗണിൽ ഓട്ടോ ഡ്രൈവർക്കുനേരെ രാത്രിയിൽ ഗുണ്ട ആക്രമണം. ഓട്ടോ അടിച്ചുതകർത്തതായും പരാതി. അടുക്കത്ത് കാഞ്ഞിരക്കുന്നുമ്മൽ ജലീലിനാണ് (49) അജ്ഞാതന്റെ ചുറ്റികകൊണ്ടും മറ്റുമുള്ള ആക്രമണത്തിൽ പരിക്കേറ്റത്.
കത്തിയുമായി വരുന്ന ആക്രമിയെ സിനിമ സ്റ്റൈലിൽ ജലീൽ നേരിടുന്ന രംഗം പരിസരത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഉച്ചത്തിൽ നിലവിളിക്കുന്നുണ്ടെങ്കിലും ടൗൺ വിജനമായതിനാൽ ആരും സഹായത്തിനെത്തിയല്ല. കടന്നുപോയ വാഹനയാത്രക്കാരും നിർത്താതെ പോകുന്നത് കാണാം.
വെള്ളിയാഴ്ച പുലർച്ച രണ്ടിന് പ്രധാന കവലയിലാണ് സംഭവം. നമ്പർ പ്ലേറ്റ് മറച്ച ബുള്ളറ്റിൽ എത്തിയ ആളാണ് അക്രമം നടത്തിയതെന്ന് ഡ്രൈവർ പറഞ്ഞു. ജലീലിന്റെ ഫോൺ ആക്രമി തകർത്തു. സ്ഥിരമായി ടൗണിൽ രാത്രി സർവിസ് നടത്തുന്ന ആളാണ് ജലീൽ. സംഭവത്തിൽ കേസെടുത്തതായി കുറ്റ്യാടി പൊലീസ് പറഞ്ഞു.

