കുറ്റിക്കാട്ടൂരിലും പൊലീസ് മർദന പരാതി; രണ്ടുവർഷമായിട്ടും നടപടിയെടുത്തില്ലെന്ന് പ്രാദേശിക ലീഗ് നേതാവ്
text_fieldsമാമുക്കോയയെ പിടിച്ചുകൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യം
കുറ്റിക്കാട്ടൂർ (കോഴിക്കോട്): കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന ഏറ്റെടുക്കലിനിടെ പൊലീസ് മർദിച്ചെന്നും പരാതി നൽകിയിട്ട് നടപടിയുണ്ടായിട്ടില്ലെന്നും ആരോപിച്ച് പ്രാദേശിക ലീഗ് നേതാവ് രംഗത്ത്. കുറ്റിക്കാട്ടൂർ ചാലിയറക്കൽ മാമുക്കോയയാണ് പരാതിക്കാരൻ. മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് ആക്ഷേപം. മാമുക്കോയയെ പിടിച്ചുകൊണ്ടുപോകുന്നതിന്റെയും മുഖത്ത് മർദിക്കുന്നതിന്റെയും ദൃശ്യങ്ങൾ അന്നുതന്നെ പുറത്തുവന്നിരുന്നു.
2023 ഡിസംബർ 23ന് കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാനയിലെ അധികാരക്കൈമാറ്റത്തിനിടെയാണ് സംഭവം. മുസ്ലിം ജമാഅത്ത് കമ്മിറ്റിയും മുസ്ലിം ഓർഫനേജ് കമ്മിറ്റിയും തമ്മിൽ വർഷങ്ങളോളം നീണ്ട തർക്കത്തിൽ ഹൈകോടതി വിധിയനുസരിച്ചാണ് പൊലീസ് സാന്നിധ്യത്തിൽ ജമാഅത്ത് കമ്മിറ്റി അധികാരം ഏറ്റെടുത്തത്. ഇത് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടായി. ഇതിനിടെയാണ് മാമുക്കോയയെ അറസ്റ്റ് ചെയ്യുന്നതും മർദിക്കുന്നതും.
വിഷയത്തിൽ താൻ ഇടപെട്ടിരുന്നില്ലെന്നും സമീപത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ കാമ്പസിൽ നിൽക്കുമ്പോൾ പൊലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും മാമുക്കോയ പറയുന്നു. പിടിച്ചുകൊണ്ടുപോകുന്നതിനെ ചോദ്യംചെയ്തപ്പോൾ മർദിച്ചു. മെഡിക്കൽ കോളജ് അസി. കമീഷണർ സുദർശനൻ, സർക്ൾ ഇൻസ്പെക്ടർ ബെന്നിലാൽ എന്നിവരാണ് മർദിച്ചതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. സ്റ്റേഷനിൽ വിളിച്ചുവരുത്തിയെങ്കിലും കേസെടുക്കുകയോ മറ്റു നടപടി ഉണ്ടാകുകയോ ചെയ്തില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. വീണ്ടും അധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മാമുക്കോയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

