കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന: വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് വിരാമം
text_fieldsകുറ്റിക്കാട്ടൂർ: മുസ്ലിം യതീംഖാനയുടെ സ്വത്ത് സംബന്ധിച്ച് ഏറെ വർഷമായി തുടരുന്ന തർക്കത്തിനാണ് വഖഫ് ബോർഡ് തീരുമാനത്തിലൂടെ വിരാമമാകുന്നത്. 1987ൽ ഇ.കെ. അബൂബക്കർ മുസ്ലിയാരുടെയും ശിഹാബ് തങ്ങളുടെയും അനുഗ്രഹാശംസകളോടെ തുടക്കംകുറിച്ചതാണ് കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന.
കുറ്റിക്കാട്ടൂർ മുസ്ലിം ജമാഅത്തിന്റെ കീഴിലായിരുന്നു സ്ഥാപനം തുടങ്ങിയത്. 1988ൽ രണ്ട് ഏക്കർ 10 സെന്റ് ഭൂമി വാങ്ങുകയും തുടർന്ന് യതീംഖാന കെട്ടിടങ്ങളും പീടികമുറികളും അടക്കം നിർമിക്കുകയുമായിരുന്നു. തുടർന്ന് 1999ൽ കുറ്റിക്കാട്ടൂർ മുസ്ലിം യതീംഖാന കമ്മിറ്റി രൂപവത്കരിച്ച് യതീംഖാനയും ഇതോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. അന്നത്തെ മുസ്ലിം ജമാഅത്ത് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു ഇത്.
ബീലൈൻ പബ്ലിക് സ്കൂൾ, ചെമ്മാട് ദാറുൽ ഹുദ സർവകലാശാലയുടെ സഹ സ്ഥാപനമായ ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി, ജലാലിയ അറബിക് കോളജ് എന്നിവയാണ് കമ്മിറ്റിക്ക് കൈമാറിയത്. എന്നാൽ, 2005ൽ പുതിയ മുസ്ലിം ജമാഅത്ത് കമ്മിറ്റി അധികാരത്തിൽ വന്നപ്പോൾ, ഭൂമിയും യതീംഖാന അടക്കമുള്ള സ്ഥാപനങ്ങളും യതീംഖാന കമ്മിറ്റിക്ക് കൈമാറിയതിനെതിരെ വഖഫ് ബോർഡിൽ പരാതി നൽകുകയായിരുന്നു.
2013ലെ വഖഫ് ആക്ട് പ്രകാരം സ്വത്ത് മറ്റൊരു കമ്മിറ്റിക്ക് കൊടുക്കുമ്പോൾ കമ്മിറ്റിയുടെ പേരിൽ തുല്യമായ സ്വത്ത് വേറെ വാങ്ങിയിടണമെന്നും വഖഫ് ബോർഡിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്നും ഉള്ള വ്യവസ്ഥ പാലിച്ചില്ലെന്നും കാണിച്ചായിരുന്നു പരാതി നൽകിയത്. തുടർന്ന് 10 വർഷത്തോളം ഇതുസംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നു. പ്രശ്നം രമ്യമായി പരിഹരിക്കാൻ നിരവധി നിരവധി ചർച്ചകൾ പാർട്ടിതലത്തിലടക്കം പുറത്തും നടന്നിരുന്നു.
തുടർന്ന്, 2015ൽ പ്രശ്നത്തിൽ വഖഫ് ബോർഡിന്റെ വിധി വന്നു. യതീംഖാന കമ്മിറ്റിക്ക് അനുകൂലമായി ആയിരുന്നു വിധി. ഈ വിധിക്കെതിരെ മുസ്ലിം ജമാഅത്ത് കമ്മിറ്റി വഖഫ് ൈട്രബ്യൂണലിന് അപ്പീൽ നൽകുകയായിരുന്നു. തുടർന്ന്, 2020 ജൂലൈ 10ന് ൈട്രബ്യൂണലിന്റെ വിധി വന്നു.
മുസ്ലിം യതീംഖാന കമ്മിറ്റിക്ക് ഭൂമി രജിസ്റ്റർ ചെയ്ത നടപടി റദ്ദ് ചെയ്തുകൊണ്ട് മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് അനുകൂലമായാണ് വിധി വന്നത്. ഈ വിധി നടപ്പാക്കേണ്ടത് വഖഫ് ബോർഡാണ്. എന്നാൽ, ഈ വിധി നടപ്പാക്കാൻ വൈകിയതിനെതുടർന്ന് മുസ്ലിം ജമാഅത്ത് കമ്മിറ്റി വീണ്ടും വഖഫ് ബോർഡിനെ സമീപിക്കുകയായിരുന്നു.
എന്നാൽ, കോവിഡ് കാരണം ബോർഡ് തീരുമാനം വൈകി. തുടർന്നാണ് എറണാകുളത്ത് കഴിഞ്ഞദിവസം നടന്ന യോഗത്തിൽ ൈട്രബ്യൂണൽ വിധി നടപ്പാക്കാൻ തീരുമാനിച്ചത്.
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിൽ അനുകൂലമായ വിധിയും തീരുമാനവും വന്നതിൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ സന്തോഷം പ്രകടിപ്പിച്ചു. അതേസമയം, ബോർഡ് തീരുമാനം അന്തിമമായി കാണാനാവില്ലെന്നും വഖഫ് ൈട്രബ്യൂണലിന്റെ വിധിക്കെതിരെ ഹൈകോടതിയിൽ നിലവിൽ കേസ് നടക്കുന്നുണ്ടെന്നും യതീംഖാന കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു.