പഴമയുടെ പ്രൗഢിയിൽ പുൽപറമ്പിൽ വീണ്ടുമൊരു കുറിക്കല്യാണം
text_fieldsചേന്ദമംഗലൂർ: പഴമയുടെ ഓർമ പുതുക്കി ചേന്ദമംഗലൂർ പുൽപറമ്പിൽ വീണ്ടുമൊരു കുറിക്കല്യാണം. ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള സാമ്പത്തിക സമാഹരണത്തിന് പ്രധാന മാർഗമായിരുന്നു കുറിക്കല്യാണം. ചിലയിടങ്ങളിൽ ഇതിന് പണം പയറ്റെന്നായിരുന്നു പേര്. പുരകെട്ടി മേയാനും മക്കളുടെ വിവാഹത്തിനും ചികിത്സക്ക് പണം കണ്ടെത്താനുമെല്ലാം കുറിക്കല്യാണം നടത്തിയിരുന്നു.
കുറിക്കല്യാണം കൂടാൻ വരുന്നവർ കൊടുക്കുന്ന പണം വാങ്ങി കല്യാണ ബുക്കിൽ എഴുതാൻ സ്ഥിരമായി കമ്പിക്കലിരുന്ന സി.ടി. മൊയ്തീന്റെ ഓർമയിലാണ് ടീം പുൽപറമ്പിന്റെ നേതൃത്വത്തിൽ കുറിക്കല്യാണം നടത്തിയത്.
വൈകീട്ട് നാലിന് തുടങ്ങിയ ഓർമ കുറിക്കല്യാണം രാത്രി ഒമ്പതുവരെ തുടർന്നു. ചായ മക്കാനികളിൽ ഈന്തിൻപട്ട കെട്ടി അലങ്കരിച്ചും ചായയും വറുത്ത കായും ബിസ്കറ്റുകളും കൊടുത്തും ചന്ദനത്തിരികളും റാന്തൽ വിളക്കുകളും കോളാമ്പിപ്പാട്ടുമെല്ലാം ഒരുക്കി പഴമ ഒട്ടും വിടാതെ തന്നെയാണ് ഓർമ കുറിക്കല്യാണം നടത്തിയത്.
റംല ബീഗം, പീർ മുഹമ്മദ്, വി.എം. കുട്ടിയുടേയുമെല്ലാം ഗാനങ്ങൾ കോളാമ്പിയിലൂടെ ഒഴുകിയെത്തിയപ്പോൾ കല്യാണം കൂടാനും സൊറ പറയാനും ഓർമ പുതുക്കാനും പുൽപ്പറമ്പിലേക്ക് നിരവധി പേരെത്തി.
വന്നവർ ചിലർ 10 രൂപയും 20 രൂപയും സംഭാവന നൽകി. ഇത് പുസ്തകത്തിൽ കുറിച്ചുവെക്കാനും സൗകര്യം ചെയ്തിരുന്നു. ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, കൗൺസിലർമാരായ എ. അബ്ദുൽ ഗഫൂർ, റംല ഗഫൂർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അബ്ദുറഹിമാൻ, എം.ടി. റിയാസ്, ടി. അബ്ദുല്ല, ഹമീദ്, കറുത്തേടത്ത്, റസാഖ് ആയിപ്പറ്റ, സി.ടി. ബഷീർ, എ. മൊയ്തീൻ, മഹമൂദ് കുറമ്പ്ര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.